സൗദി അറേബ്യയിൽ ഗൂഗിൾ പേ, ഗൂഗിൾ വാലറ്റ് സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു

ദ്: സൗദി അറേബ്യയിൽ ഗൂഗിൾ പേ, ഗൂഗിൾ വാലറ്റ് സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് സൗദി അറേബ്യൻ സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു. റിയാദിലെ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ച 'മണി 20/20 മിഡിൽ ഈസ്റ്റ്' കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഭാഗമായായിരുന്നു ഈ പ്രഖ്യാപനം.

രാജ്യത്തെ ദേശീയ പേയ്മെന്റ് സംവിധാനമായ 'മദാ'യുമായി സഹകരിച്ചാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വേഗത്തിലും സുരക്ഷിതമായും പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കും. ഈ സേവനം വരുന്ന ആഴ്ചകളിൽ സൗദിയിലെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്നുവരുന്ന 'മണി20/20 മിഡിൽ ഈസ്റ്റ് കോൺഫറൻസി'ലാണ് സൗദി സെൻട്രൽ ബാങ്ക് (സമാ) ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

ഗൂഗിൾ പേ ഉപയോഗിച്ച് 'ടാപ് ടു പേ' സംവിധാനത്തിലൂടെ സ്റ്റോറുകളിൽ എളുപ്പത്തിൽ പണമടയ്ക്കാം. ഉടൻ തന്നെ ആപ്പുകളിലും വെബ്സൈറ്റുകളിലും ഈ സൗകര്യം ലഭ്യമാകും. ഗൂഗിൾ വാലറ്റ് ആപ്ലിക്കേഷനിൽ ഉപഭോക്താക്കൾക്ക് അവരുടെ മദാ കാർഡുകളും വിസ, മാസ്റ്റർകാർഡ് പോലുള്ള ക്രെഡിറ്റ് കാർഡുകളും എളുപ്പത്തിൽ ചേർക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.

വിവിധ തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് ഗൂഗിൾ പേ പ്രവർത്തിക്കുന്നത്. ഇതിൽ വ്യവസായ നിലവാരത്തിലുള്ള ടോക്കണൈസേഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത്, ഉപഭോക്താക്കൾ ഗൂഗിൾ പേ ഉപയോഗിച്ച് പണം നൽകുമ്പോൾ, ഒരു വെർച്വൽ കാർഡ് നമ്പർ (ടോക്കൺ) ഉപയോഗിച്ചാണ് ഇടപാടുകൾ നടക്കുന്നത്. ഈ ടോക്കൺ ഓരോ ഉപകരണത്തിനും മാത്രമുള്ളതാണ്, കൂടാതെ ഓരോ ഇടപാടിനും മാറിക്കൊണ്ടിരിക്കുന്ന ഒരു ഡൈനാമിക് സുരക്ഷാ കോഡുമായി ഇത് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

പണമിടപാടുകൾക്ക് പുറമെ, ഗൂഗിൾ വാലറ്റ് ലോയൽറ്റി കാർഡുകൾ, ബോർഡിംഗ് പാസുകൾ, ഇവന്റ് ടിക്കറ്റുകൾ തുടങ്ങിയ ഡിജിറ്റൽ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഇത് ഉപഭോക്താവിന്റെ പ്രധാനപ്പെട്ട എല്ലാ രേഖകളും ഒരിടത്ത് സൗകര്യപ്രദമായി സൂക്ഷിക്കാൻ സഹായിക്കുന്നു. നിലവിൽ അൽരാജ്ഹി, റിയാദ് ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ ലഭ്യമാണ്. മറ്റു ബാങ്കുകളും ഘട്ടം ഘട്ടമായി ഈ സംവിധാനത്തിന്റെ ഭാഗമാകും.

സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക മേഖല വികസന പരിപാടിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സാമയുടെ തുടർച്ചയായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നീക്കം. പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന ഒരു സമൂഹത്തിലേക്ക് മാറുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനുകൾ നൽകാനുള്ള സാമയുടെ പ്രതിബദ്ധതയും ഇത് കാണിക്കുന്നു.

Tags:    
News Summary - Google Pay and Google Wallet services officially launched in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.