റിയാദ്: ആഗോള തൊഴിൽ വിപണി സമ്മേളനം രണ്ടാം പതിപ്പും അനുബന്ധമായ അന്താരാഷ്ട്ര തൊഴിൽ മന്ത്രിമാരുടെ യോഗവും റിയാദിൽ ജനുവരി 29, 30 തീയതികളിൽ നടക്കും. കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ രണ്ട് ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 6.25 വരെ നടക്കുന്ന സമ്മേളനത്തിൽ ജി20 രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽനിന്നുള്ള 45ലധികം തൊഴിൽ മന്ത്രിമാരും മറ്റ് പ്രതിനിധികളും പങ്കെടുക്കും.
ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഗിൽബർട്ട് ഹോങ്ബോയ് ഉൾപ്പെടെ അന്താരാഷ്ട്ര തൊഴിൽ സംഘടനകളിലെ പ്രമുഖരുടെ സാന്നിധ്യവും സമ്മേളനത്തിലുണ്ടാകും. തൊഴിൽ വിപണിയിൽ നേതാക്കളും നിർണായക പദവികൾ വഹിക്കുന്നവരും ഉൾപ്പെടുന്ന ഉന്നത തലത്തിലുള്ള അന്താരാഷ്ട്ര പരിപാടിയായിരിക്കും ഇത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യാപാര വ്യവസായ മേഖലയുടെ പ്രതിനിധികൾ തമ്മിൽ അനുഭവങ്ങളും ദർശനങ്ങളും കൈമാറുന്നതിനുള്ള വളരെ പ്രധാനപ്പെട്ട തന്ത്രപരമായ ആഗോള വേദിയാകും മന്ത്രിതല യോഗം. തൊഴിൽ വിപണിയിലെ ഭാവി നയങ്ങളും പ്രവണതകളും യുവാക്കളുടെ തൊഴിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ചർച്ച ചെയ്യും. ആഗോള സമ്പദ്വ്യവസ്ഥയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നൂതന സംരംഭങ്ങൾ അവലോകനം ചെയ്യും.
ഇതിന് പുറമേ തൊഴിലില്ലായ്മ, യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങൾ എന്നിവയെ അഭിമുഖീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ കൈമാറും. ദ്രുതഗതിയിലുള്ള സാമ്പത്തിക സാങ്കേതിക പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നയങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്യും.
സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹിയുടെ അധ്യക്ഷതയിലാണ് ഈ സമ്മേളനം നടക്കുക. ആധുനിക സാങ്കേതിക വിദ്യകളും സർക്കാർ, സ്വകാര്യ മേഖലകളിലെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ഭാവിയിൽ തൊഴിൽ വിപണികൾ അഭിമുഖീകരിക്കുന്ന തടസങ്ങളും സങ്കോചങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ ആവശ്യമായ ഊർജ്ജവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള കാര്യങ്ങളും യോഗത്തിൽ മുഖ്യവിഷയമാകും.
സമ്മേളനത്തിൽ തൊഴിൽ മന്ത്രിമാർ, അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാർ, വിദഗ്ധർ എന്നിവരുടെ വലിയ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന വകുപ്പ് ഉപ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അബു താനിൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പങ്കാളികൾ കൈവശം വെക്കുന്ന കഴിവുകളും അറിവും അനുഭവങ്ങളും നിക്ഷേപിക്കുന്ന വേദിയാകും ഇത്.
അവരിൽനിന്ന് പ്രയോജനം നേടുന്നതിനുള്ള സഹകരണത്തിനും ഏകീകരണത്തിനുമുള്ള അവസരവുമാകും. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള നയങ്ങളും നിയമനിർമാണങ്ങളും വികസിപ്പിക്കുന്നതിൽ ഇത് നല്ല സ്വാധീനം ചെലുത്തും. സൗദി തൊഴിൽ വിപണിക്ക് പ്രത്യേകിച്ചും ആഗോള വിപണിക്ക് പൊതുവെയും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.