ജി.സി.സി ആഭ്യന്തര, പ്രതിരോധ വിദേശ മന്ത്രിമാരുടെ സംയുക്ത യോഗം റിയാദില്‍: അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ വ്യക്തിതാല്‍പര്യങ്ങള്‍ വെടിയണമെന്ന് അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്

റിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗം വ്യാഴാഴ്ച റിയാദില്‍ ചേര്‍ന്നു.  റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ചേര്‍ന്ന സംയുക്ത യോഗം സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉദ്ഘാടനം ചെയ്തു. ജി.സി.സി അംഗരാജ്യങ്ങളുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കലാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അമീര്‍ മുഹമ്മദ് പറഞ്ഞു.
മേഖലയിലെ രാഷ്ട്രങ്ങളില്‍ താരതമ്യേന സുരക്ഷിതവും സുസ്ഥിരതയുമാണ് ജി.സിി.സി പൗരന്മാര്‍ തങ്ങളുടെ രാജ്യങ്ങളില്‍ അനുഭവിക്കുന്നത്. സാമ്പത്തികമായും സാമൂഹ്യമായും പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യങ്ങള്‍ ചുറ്റുഭാഗത്തുനിന്നുമുള്ള വെല്ലുവിളികളെ നേരിടുന്നുണ്ട്. അതോടൊപ്പം വ്യക്തികള്‍ വെച്ചുപുലര്‍ത്തുന്ന വിഘടന ചിന്തകളും രാഷ്ട്രങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. രാഷ്ട്രത്തി​െൻറ താല്‍പര്യത്തിനും അഖണ്ഡതക്കും വേണ്ടി വ്യക്തിതാല്‍പര്യങ്ങളും അവാന്തര വിഭാഗങ്ങളുടെ ചിന്താഗതികളും വഴിപിഴച്ച ധാരകളും ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇറാന്‍,ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ജി.സി.സി ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ പറഞ്ഞു. തീവ്രവാദം വേരോടെ പിഴുതെറിയണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് അഭിപ്രായപ്പെട്ടു. യമന്‍ ഉള്‍പ്പെടെ ജി.സി.സി രാഷ്ട്രങ്ങളുടെ പ്രതിരോധത്തില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍നഹ്യാന്‍ അഭിവാദ്യമര്‍പ്പിച്ചു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങള്‍ സഹകരിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്നതിനാലാണ് സംയുക്ത സമ്മേളനം ചേര്‍ന്നതെന്ന് യോഗത്തിന് ആതിഥ്യം വഹിച്ച സൗദി അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - gcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.