ജിദ്ദ: ഖത്തർ ഉൾപ്പെടെ വിഷയങ്ങളിൽ സുപ്രധാന തീരുമാനം പ്രതീക്ഷിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടി ചൊവ്വാഴ്ച റിയാദിൽ നടക്കും. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ നടക്കുന്ന 40ാമത് ഉച്ചകോടിയിൽ കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ ഭരണാധികാരികളും മറ്റു പ്രമുഖരും പെങ്കടുക്കും. ഇതിനു മുന്നോടിയായി വിദേശകാര്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച നടക്കും.
ഉച്ചകോടിയുടെ അജണ്ട അതിലാണ് തീരുമാനിക്കുക. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഉച്ചകോടിയിൽ പെങ്കടുക്കാൻ സൗദിയുടെ ക്ഷണം ലഭിച്ചിട്ടുണ്ട് എന്ന്് ഖത്തർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അദ്ദേഹം പെങ്കടുക്കുമോ എന്ന് ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കഴിഞ്ഞ മേയ് അവസാനവാരം മക്കയിലാണ് അടിയന്തര ജി.സി.സി ഉച്ചകോടി ചേർന്നത്. അന്ന് ഖത്തർ അമീർ പെങ്കടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫയാണ് പെങ്കടുത്തത്.
മക്കയിൽ നടന്ന ഉച്ചകോടിയിൽ ഖത്തർ വിഷയത്തിൽ പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണിക്കെതിരായ ചർച്ചകൾ മാത്രമായിരുന്നു നടന്നത്. ഇറാനെതിരായ മക്ക ജി.സി.സി ഉച്ചകോടി പ്രമേയത്തിൽ ഖത്തർ പിന്നീട് അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.മൂന്നു വർഷം മുമ്പാണ് സൗദി അറേബ്യ ഉൾപ്പെടെ ചതുർരാഷ്ട്ര സഖ്യം ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചത്. തീവ്രവാദത്തിനും ഭീകരതക്കും ഖത്തർ പിന്തുണ നൽകുന്നു എന്നാണ് ചതുർരാഷ്ട്ര സഖ്യത്തിെൻറ പ്രധാന പരാതി. പ്രശ്നം പരിഹരിക്കാൻ സഖ്യം കർശന ഉപാധികൾ ഖത്തറിനു മുന്നിൽ വെച്ചിട്ടുണ്ട്.
അതേസമയം, അംഗരാജ്യങ്ങൾക്കിടയിലെ സഹകരണം മെച്ചപ്പെടുത്തുന്ന വിഷയങ്ങളടക്കം സുപ്രധാനമായ കാര്യങ്ങൾ റിയാദ് ഉച്ചകോടി ചർച്ച ചെയ്യുമെന്ന് ജി.സി.സി സെക്രട്ടറി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാൻ വ്യക്തമാക്കി. അതിനിടെ കര-വ്യോമ ഉപരോധം നിലനിൽക്കുേമ്പാഴും ഖത്തറിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ സൗദി, ബഹ്റെൻ താരങ്ങളെ വഹിച്ച് ഇരു രാജ്യങ്ങളുടെയും വിമാനം ദോഹയിൽ എത്തിയതും സൗദി, ബഹ്റൈൻ ടീമുകൾ കളിയിൽ പെങ്കടുത്തതും മഞ്ഞുരുക്കത്തിെൻറ സൂചനയായി വിദേശമാധ്യമങ്ങളടക്കം വിലയിരുത്തിയിട്ടുണ്ട്.
ഖത്തറിൽ നിന്നും കുവൈത്തിൽനിന്നുമാണ് ശുഭപ്രതീക്ഷയുടെ കൂടുതൽ വർത്തമാനങ്ങൾ പുറത്തുവരുന്നത്. ഉപരോധം തുടങ്ങിയതു മുതൽ കുവൈത്തിെൻറ ഭാഗത്തുനിന്നാണ് നിരന്തരമായ മധ്യസ്ഥനീക്കങ്ങൾ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.