ദമ്മാം: താമസസ്ഥലത്ത് പാചകവാതകം ചോർന്നുണ്ടായ തീപ്പിടിത്തത്തിൽ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുതോപ്പിൽ പടീറ്റതിൽ വീട്ടിൽ അസീസ് സുബൈർകുട്ടി (48) ആണ് ദമ്മാമിൽ മരിച്ചത്. ഒരാഴ്ച മുമ്പ് തീപ്പിടിത്തമുണ്ടായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അസീസ് ജോലികഴിഞ്ഞ് തിരിച്ചെത്തി റൂമിൽ ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഉണർന്ന് ലൈറ്റിെൻറ സ്വിച്ചിട്ടപ്പോൾ തീയാളിപ്പിടിച്ചു. പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞിരുന്നത് അറിഞ്ഞിരുന്നില്ല. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായി. മുറിയിലാകെ തീയും പുകയും നിറഞ്ഞു. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ സുബൈറിനെ ദമ്മാം സെൻട്രൽ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സലായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.
നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അസീസ് ജീവിത പ്രാരാബ്ദങ്ങൾ മൂലം രണ്ടര വർഷം മുമ്പാണ് ദമ്മാമിൽ ഹൗസ് ഡ്രൈവർ ജോലിക്കായി എത്തിയത്ത്. രണ്ട് പെൺകുട്ടികളുടെ പിതാവായ അസീസ് മൂത്ത മകളുടെ വിവാഹം നടത്തിയിരുന്നു. പഠനം പൂർത്തിയാക്കിയ ഇളയ മകളുടെ വിവാഹം നടത്തലും വീട് പണിയലുമുൾപ്പെട നിരവധി ആവശ്യങ്ങളും സ്വപ്നങ്ങളുമായാണ് ഡ്രൈവർ ജോലിക്ക് സൗദിയിലെത്തിയത്. നാല് മാസം മുമ്പാണ് ആദ്യ അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. മരുമകൻ അൻസാർ ദമ്മാമിലുണ്ട്. ഭാര്യ: ഷീജ, മക്കൾ: ജാസ്മിൻ, തസ്നി. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഷാജി വയനാട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.