റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ കാമ്പയിന്റെ ഭാഗമായുള്ള അഡ്വാൻസ്ഡ് സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളി, ശനി (ഫെബ്രു. 14,15) ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിന്റെ ഭാഗമായി പ്രധാനമായും ഹൃദയം, വൃക്ക, കണ്ണ്, കൊളസ്ട്രോൾ, ഷുഗർ, പ്രഷർ അടക്കമുള്ള 17 പ്രാഥമിക പരിശോധനകൾ അതിനൂതന മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തും.
റിയാദ് അൽ ഖലീജിന് സമീപം ഇസ്ബിലിയയിലെ ഇസ്മ മെഡിക്കൽ സെന്ററിലാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായി ഈ ക്യാമ്പ് നടക്കുന്നത്.
റിയാദ് മെട്രോ റെഡ് ലൈനിൽ 23ാം നമ്പർ സ്റ്റേഷന് സമീപം 100 മീറ്റർ ദൂര പരിധിയിലാണ് ഈ മെഡിക്കൽ സെന്റർ സ്ഥിതിചെയ്യുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേരെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുക. ആദ്യം 300 പേർക്കായി നിശ്ചയിച്ചത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്കായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
രജിസ്റ്റർ ചെയ്തവർക്ക് ഇസ്മ മെഡിക്കൽ സെന്റർ നൽകുന്ന ഒരു വർഷകാലാവധിയുള്ള മെഡിക്കൽ കാർഡ് നൽകും. മാസത്തിൽ ഒരു തവണ എന്ന വ്യവസ്ഥയിൽ ഡോക്ടർ കൺസൾട്ടേഷൻ ഉൾപ്പെടെ പ്രാഥമിക ടെസ്റ്റുകൾ ഇതിലൂടെ സൗജന്യമായി നേടാൻ കഴിയും.
വിസിറ്റ് വിസക്കാർക്കും ഫാമിലികൾക്കും ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് മെഡിക്കൽ കാർഡ്.
റിയാദ് നഗരത്തിന്റെ ഏതുഭാഗത്തുനിന്നും മെട്രോ സംവിധാനം വഴി ഇസ്മ മെഡിക്കൽ സെന്ററിൽ എത്താൻ സാധിക്കുമെന്നും സംഘാടകർ അറിയിച്ചു.
വെള്ളിയാഴ്ച്ച രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയും ശനി രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയുമാണ് ക്യാമ്പ്. ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷനായി 0557085416 എന്ന വാട്സ്അപ്പ് നമ്പറിലും അന്വേഷണങ്ങൾക്കായി 0556562077 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.