ബലാത്സംഗത്തിനും മയക്കുമരുന്ന് കടത്തിനും സൗദിയിൽ നാലുപേരെ വധശിക്ഷക്ക്​ വിധേയമാക്കി

റിയാദ്: ബലാത്സംഗം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാലുപേരെ സൗദി അറേബ്യയിൽ വധശിക്ഷക്ക്​ വിധേയമാക്കി. സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യമനി പൗര​െൻറയും മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് ഇത്യോപ്യൻ പൗരന്മാരുടെയും ശിക്ഷയാണ് ചൊവ്വാഴ്ച മക്ക, അസീർ പ്രവിശ്യകളിലായി നടപ്പാക്കിയതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മക്ക പ്രവിശ്യയിൽ യമൻ സ്വദേശിയായ മാജിദ് അബ്​ദോ അഹമ്മദിനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. വീടുകളിൽ അതിക്രമിച്ചു കയറുക, സ്ത്രീയെ ബലാത്സംഗം ചെയ്യുക, മാരകായുധങ്ങൾ ഉപയോഗിച്ച് വധഭീഷണി മുഴക്കി മോഷണം നടത്തുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. കൂടാതെ, സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അവരെ ബ്ലാക്ക് മെയിൽ ചെയ്യാനും അവിഹിത ബന്ധങ്ങൾക്ക് നിർബന്ധിക്കാനും ഇയാൾ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. സമൂഹത്തിന്റെ സമാധാനത്തിന് ഭീഷണിയായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിച്ച് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്.

അസീർ പ്രവിശ്യയിൽ വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ഇത്യോപ്യൻ സ്വദേശികളുടെ വധശിക്ഷയും നടപ്പാക്കി. കിലാനി അഖ്‌സ് മൗലായ് ഫർസീർ, ഫിലിമോൻ ഹഖൂസ് ഖബ്റ മസ്കൽ, കരം ഖബ്റ മറിയം ഖർസ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. അതിർത്തി വഴി നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായ ഇവർക്ക് വിചാരണക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.

രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും നീതി നടപ്പാക്കുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിൽ മയക്കുമരുന്ന് പോലുള്ള വിപത്തുകൾ എത്തിക്കുന്നവർക്കും ജനജീവിതത്തിന് തടസ്സം നിൽക്കുന്നവർക്കും എതിരെ കർശനമായ നിയമനടപടികൾ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Four people executed in Saudi Arabia for rape and drug trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.