ഹജ്ജ് തീർഥാടകർ മദീന മസ്ജിദുന്നബവിയിൽ
മദീന: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ സുഗമമായി പൂർത്തിയാക്കിയ തീർഥാടകരുടെ ആദ്യസംഘം കഴിഞ്ഞ ദിവസം മദീനയിലെത്തി. പതിനായിരക്കണക്കിന് വരുന്ന തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മസ്ജിദുന്നബവിയിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഹറമൈൻ ഹൈ-സ്പീഡ് ട്രെയിൻ വഴിയും ബസുകൾ വഴിയും മറ്റ് വാഹനങ്ങൾ വഴിയുമാണ് തീർഥാടകർ ഹിജ്റ റോഡിലൂടെ മദീനയിലെത്തിയത്. തീർഥാടകരുടെ സുഗമമായ വരവിനും കുറ്റമറ്റ ഗതാഗതസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വിപുലമുന്നൊരുക്കങ്ങളാണ് അധികൃതർ പൂർത്തിയാക്കിയത്.
ഹജ്ജ് സീസണിനു ശേഷമുള്ള തീർഥാടക സംഘങ്ങളുടെ വർധിച്ച വരവ് കണക്കിലെടുത്ത് വിവിധ സുരക്ഷ വിഭാഗങ്ങൾ 24 മണിക്കൂറും ജാഗ്രതയോടെയുള്ള സുരക്ഷ സംവിധാനങ്ങളാണ് മദീനയിൽ നടപ്പാക്കിയിരിക്കുന്നത്. ഇരു ഹറം പരിപാലനത്തിനുള്ള ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ മസ്ജിദുന്നബവിയിൽ തീർഥാടകരെ സ്വീകരിക്കാൻ വിവിധ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
മസ്ജിദുന്നബവിയുടെ 141 കവാടങ്ങളും തീർഥാടകർക്കായി ഇതിനകം തുറന്നിട്ടുണ്ട്. പള്ളിയിലേക്കുള്ള നൂറോളം പാതകളിലും തീർഥാടകരുടെ തിരക്കുകൾ നിയന്ത്രിക്കാനും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സുരക്ഷ വിഭാഗങ്ങൾ രംഗത്തുണ്ട്. പ്രവാചക പള്ളിയിലും അതിന്റെ മുറ്റങ്ങളിലും 25,000 ത്തിലധികം പരവതാനികൾ വിരിച്ചതും ഒരുക്കങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. വീൽചെയർ, ഇലക്ട്രിക്-കാർട്ട് വിതരണ കേന്ദ്രങ്ങൾ വഴി പ്രായമായ സന്ദർശകർക്കും ഭിന്നശേഷിക്കാർക്കും സമർപ്പിത സേവനങ്ങൾ ഒരുക്കി. 194 എസ്കലേറ്ററുകളും എലിവേറ്ററുകളും പ്രവർത്തനസജ്ജമാക്കി. ‘റൗദ’ യിലേക്കുള്ള സന്ദർശനത്തിന് പ്രത്യേക ഷെഡ്യൂളുകൾ വഴി നിയന്ത്രണം ഏർപ്പെടുത്തുകയും മാർഗനിർദേശത്തിനും അവബോധത്തിനുമായി വിവിധ ഭാഗങ്ങളിൽ ഡിജിറ്റൽ സ്ക്രീനുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ആത്മനിർവൃതിയോടെ തീർഥാടകർ മടങ്ങുന്നു
മക്ക: ജീവിതസാഫല്യമായ ഹജ്ജ് പൂർത്തിയാക്കിയതിെൻറ ആത്മനിർവൃതിയിൽ ലക്ഷക്കണക്കിന് തീർഥാടകർ മിനയോട് വിടപറഞ്ഞു. അവസാന ദിനമായ ശനിയാഴ്ച മൂന്ന് ജംറകളിലും കല്ലേറ് കർമം പൂർത്തിയാക്കിയാണ് ഹാജിമാർ മടങ്ങിയത്. ഇതോടെ ആറ് ദിവസത്തെ വിശ്വമഹാസംഗമത്തിന് തിരശ്ശീല വീണു. കഅ്ബയിൽ വിടവാങ്ങൽ പ്രദക്ഷിണം (തവാഫുൽ വിദാഅ്) കൂടി പൂർത്തിയാക്കിയാവും ഹാജിമാർ ജന്മനാടുകളിലേക്ക് മടങ്ങുക. വരുംജീവിതം നന്മയിലും സത്യത്തിലും മാത്രമായിരിക്കുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് ഓരോ തീർഥാടകനും മക്കയോട് യാത്രപറയുന്നത്.
ഈ വർഷം ആകെ 1,707,301 തീർഥാടകരാണ് ഹജ്ജ് കർമത്തിൽ പങ്കെടുത്തത്. ഇതിൽ 1,546,655 പേർ വിദേശത്തുനിന്ന് എത്തിയവരും 160,646 പേർ സൗദി അറേബ്യക്ക് അകത്തുനിന്നുള്ള ആഭ്യന്തര തീർഥാടകരുമാണ്. ആകെ ഹാജിമാരിൽ 893,396 പുരുഷന്മാരും 813,905 സ്ത്രീകളും ഉൾപ്പെടുന്നു. സൗദി അറേബ്യൻ ഭരണകൂടം ഒരുക്കിയ ലോകോത്തര സൗകര്യങ്ങളെയും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളെയും ഏറെ പ്രശംസിച്ചാണ് ഹാജിമാർ മടങ്ങുന്നത്. ഹജ്ജിന് ഒന്നരമാസം മുമ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ തീർഥാടനം സുഗമമാക്കി.
ഒന്നേകാൽ ലക്ഷത്തിലധികം വരുന്ന സൈനിക-അർദ്ധസൈനിക വിഭാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ഹാജിമാർക്ക് കാവലൊരുക്കി. ഹജ്ജ് കർമങ്ങളുടെ മേൽനോട്ടത്തിനായി ഭരണകൂടത്തിെൻറ ആസ്ഥാനം താൽക്കാലികമായി ജിദ്ദയിലേക്ക് മാറ്റി വിവിധ മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും അശ്രാന്തം പരിശ്രമിച്ചതാണ് ഇത്തവണത്തെ ഹജ്ജ് ചരിത്രവിജയമാക്കിയത്. ഹജ്ജ് വൻ വിജയമാക്കിയ സൗദി ഭരണകൂടത്തെ വിവിധ അറബ് രാജ്യങ്ങളിലെ നേതാക്കളും പ്രമുഖ സംഘടനകളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.