ഫിഫ ലോകകപ്പ്‌ 2022ലെ സൗദി ഒരുക്കം വിശദീകരിക്കാൻ കായിക മന്ത്രാലയം റിയാദിൽ നടത്തിയ വാർത്താസമ്മേളനം

ഫിഫ ലോക കപ്പ്; സൗദിയിൽനിന്ന് 500-ൽ പരം വളന്റിയർമാർ

റിയാദ്: നവംബർ 20-ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ സൗദി അറേബ്യയിൽനിന്ന് 500-ലധികം സന്നദ്ധപ്രവർത്തകർ പങ്കെടുക്കുമെന്ന് കായിക മന്ത്രാലയം റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ സൗദി ദേശീയ ലീഗ് ക്ലബുകളിലെ 5,000 'ഗ്രീൻ ഫാൽക്കൺസ്' ആരാധകരെ ലോക കപ്പിനുള്ള ഒരുക്കങ്ങളിൽ ഉൾപ്പെടുത്തുമെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ഖാസിം വെളിപ്പെടുത്തി.

സൗദി ഫുട്ബാൾ ഫെഡറേഷൻ ഫിഫയുമായി ഏകോപിച്ച് 'ഖദം' എന്ന ആപ്ലിക്കേഷൻ തയാറാക്കിയയിട്ടുണ്ട്. 'ഇനിയുള്ള സമയത്ത് കൂടുതൽ ടിക്കറ്റുകൾ പുറത്തിറക്കാൻ ഈ ആപ്പ് വഴി സാധിക്കും. ഈ ലോകകപ്പ് 70 വർഷം മുമ്പുള്ളതുപോലെയല്ല, അത് ഫുട്ബാളിലെ കേവലമൊരു ടൂർണമെന്റ് മാത്രവുമല്ല' -അദ്ദേഹം വ്യക്തമാക്കി.

പ്രഫഷനൽ ഫുട്ബാൾ ലീഗിലെ ഓരോ ക്ലബിൽനിന്നും 100 ആരാധകരെയും മറ്റ് ഫസ്റ്റ് ക്ലാസ് ക്ലബ്ബുകളിൽനിന്ന് 30 ആരാധകരെയും വീതം ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. ബാക്കി ഗ്രേഡുകൾ ഓരോ ക്ലബ്ബിന്റെയും ലീഗിലെ സ്റ്റാറ്റസ് അനുസരിച്ച് തീരുമാനിക്കും. കുറഞ്ഞ എണ്ണം ആളുകളെ തയാറാക്കിയ ക്ലബ്ബുകളോട് ആരാധകരുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനറൽ അഖാസിം കൂട്ടിച്ചേർത്തു.

പത്തിലധികം സർക്കാർ ഏജൻസികളിൽനിന്ന് 20 എന്ന തോതിൽ ആകെ 500 വളന്റിയർമാരെയാണ് ലോകകപ്പിനുള്ള വിജ്ഞാന വിനിമയത്തിലും സന്നദ്ധസേവനത്തിലും ഉൾപ്പെടുത്തുകയെന്ന് കായിക മന്ത്രാലയത്തിലെ സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടർ ജനറൽ അഹ്‌മദ്‌ അൽ-ബലാവി പറഞ്ഞു. ലോകകപ്പിൽ ആരാധകരുടെ സാന്നിധ്യം ഉറപ്പാക്കാൻ സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന് നിർദേശം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.

സൗദി ആരാധകരുടെ ദോഹയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുമായും ഏജൻസികളുമായും ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ വരുത്തിയ കാര്യം അൽബലാവി ചൂണ്ടിക്കാട്ടി.

നവംബർ 13 മുതൽ ഡിസംബർ 24 വരെ ദോഹയിലേക്ക് 2,300-ലധികം വിമാനങ്ങൾ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി കോർപറേറ്റ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ അഹ്‌മദ്‌ അൽ-മുസൈനിദ് അറിയിച്ചു. റിയാദ് കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളം, ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളം, ദമ്മാം കിങ് ഫഹദ് അന്തർദേശീയ വിമാനത്താവളം, അൽഖസീം അമീർ നാഇഫ് അന്തർദേശീയ വിമാനത്താവളം, മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളം എന്നിവയാണവ.

സൗദി-ഖത്തർ അതിർത്തികളിലെ സൽവ, അബു സംറ റോഡ് ചെക്ക് പോയന്റുകൾക്കിടയിൽ 24 മണിക്കൂറും സൗജന്യ ബസ് ഗതാഗത സേവനം ഒരുക്കിയിട്ടുണ്ടെന്ന് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി വക്താവ് സാലിഹ് അൽ-സുവൈദ് വ്യക്തമാക്കി. റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങൾക്കിടയിൽ ഷട്ടിൽ സർവിസ് നടത്തുന്ന 55 ബസുകൾക്ക് പുറമെ 142 ബസുകൾ കൂടി പ്രത്യേക സർവിസ് നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൽവ അതിർത്തി റൂട്ടുകളുടെ ശേഷിയും ചെക്ക്‌പോസ്റ്റുകളിലെ കാബിനുകളുടെ എണ്ണവും ഇതിനകം വർധിപ്പിച്ചതായി സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ-ഹർബി പറഞ്ഞു.

'ഹാദിരീൻ' പ്ലാറ്റ്ഫോമിലൂടെ ലോകകപ്പ് സമയത്ത് എട്ട് വ്യത്യസ്ത ഭാഷകളിൽ ഫുട്ബാൾ പ്രേമികളായ അന്തർദേശീയ യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി സൗദി ടൂറിസം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫൈസൽ അൽ-ബലാവിയും അറിയിച്ചു. 911 എന്ന നമ്പറിലൂടെ ജോയന്റ് കോൾ സെന്റർ വഴി 24 മണിക്കൂറും അന്വേഷണങ്ങൾക്ക് മറുപടി നൽകാനും പരിഹരിക്കാനുമുള്ള സംവിധാനവും നിലവിൽ വന്നുകഴിഞ്ഞു.

Tags:    
News Summary - FIFA World Cup More than 500 volunteers from Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.