ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഘടകം സംഘടിപ്പിച്ച ഫാമിലി മീറ്റും മദ്റസ ഫെസ്റ്റും
റിയാദ്: 'വിമോചനം വിശ്വാസവിശുദ്ധിയിലൂടെ' പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിവരുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി റിയാദ് ഘടകം ഫാമിലി മീറ്റും മദ്റസ ഫെസ്റ്റും റിയാദിലെ എക്സിറ്റ്18ലെ സ്വലാഹിയ ഇസ്തിറാഹയിൽ സംഘടിപ്പിച്ചു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ മദ്റസ വിദ്യാർഥികളുടെ വർണാഭ സർഗവിരുന്നും അരങ്ങേറി. വിനോദവും വിജ്ഞാനപരവുമായ വിവിധ പരിപാടികളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. മദ്റസ ഫെസ്റ്റിന് ദാറുൽ ഖുർആൻ പ്രിൻസിപ്പൽ സലീം ചാലിയം ഉദ്ഘാടനം നിർവഹിച്ചു. വൈകീട്ട് നടന്ന സമാപന സംഗമത്തിൽ ദമ്മാം ഇസ്ലാഹി സെന്റർ ദാഇ മുനീർ ഹാദി മുഖ്യപ്രഭാഷണം നടത്തി.
ഐഹികലോകം പാരത്രിക വിജയത്തിന് വഴിയൊരുക്കേണ്ട ഇടമാണെന്നും അതുകൊണ്ട് ഐഹിക ജീവിതത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ വിശ്വാസികൾ തയാറാവേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. രാവിലെ മുതൽ രാത്രി വരെ നീണ്ട പരിപാടിയിൽ രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. പരിപാടിയിൽ നടന്ന ജുമുഅ ഖുതുബക്ക് സഹ്ൽ ഹാദി നേതൃത്വം നൽകി.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് പ്രസിഡന്റ് സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജഹാൻ ചളവറ സ്വാഗതവും ജബ്ബാർ പാലത്തിങ്കൽ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾക്ക് മദ്റസ വൈസ് പ്രിൻസിപ്പൽ സഹ്ൽ ഹാദി, അധ്യാപകരായ ഖമറുന്നിസ ടീച്ചർ, സജ്ന ടീച്ചർ, ആമിന ജുമാന ടീച്ചർ, മാഷിദ ടീച്ചർ, ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.