പ്രവാസി വെൽഫെയർ റിയാദ് ദീറാബിൽ സംഘടിപ്പിച്ച എസ്.ഐ.ആർ ഹെൽപ് ഡസ്‌ക്
റിയാദ്: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ പുകയുന്ന ആശങ്കകൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഹെൽപ് ഡെസ്‌ക്. മീഡിയ വൺ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് ദീറാബിലെ ദുർറ സ്റ്റേഡിയത്തിൽ നടന്ന ഹെൽപ് ഡെസ്ക്,
പ്രവാസി വെൽഫെയർ റിയാദ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ മുമ്പ് എട്ട് തവണ എസ്.ഐ.ആർ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ ജനങ്ങളുടെ അതിരുകടന്ന ആശങ്ക ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറിൽ കണ്ടതുപോലെ, എസ്.ഐ.ആർ നടപ്പാക്കിയതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളാണ് വോട്ടർ പട്ടികയിൽനിന്ന് പുറത്തായത്. അതുകൊണ്ട് തന്നെ, ഓരോ പൗരനും കൂടുതൽ ജാഗ്രതയോടെ ഈ പ്രക്രിയയിൽ പങ്കാളികളാവുകയും തങ്ങളുടെയും ചുറ്റുമുള്ളവരുടെയും സമ്മതിദാനാവകാശം ഉറപ്പുവരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പ്രതിസന്ധികളിൽ അവരോടൊപ്പം നിന്ന ചരിത്രമാണ് പ്രവാസി വെൽഫെയറിനുള്ളതെന്നും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും സംഘടന പതിവുപോലെ മുന്നിൽ തന്നെയുണ്ടാകുമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി. വിവിധ തലങ്ങളിലുള്ള നൂറിലധികം പേരാണ് ഹെൽപ് ഡെസ്‌ക് കൗണ്ടർ സന്ദർശിച്ചത്.
എസ്.ഐ.ആർ സംബന്ധമായ സംശയങ്ങൾക്കും ആശങ്കകൾക്കും അഡ്വ. ജമാൽ, ഫായിസ് മറുപടികൾ നൽകി. ചടങ്ങിൽ ഭാരവാഹികളായ എം.പി. ഷഹ്ദാൻ, ലബീബ് മാറഞ്ചേരി, അജ്മൽ ഹുസൈൻ എന്നിവരും ഹെൽപ് ഡെസ്കിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.