‘ശുക്റൻ യാ സൗദിയ’ ആൽബം പോസ്റ്റർ
ദമ്മാം: 92ാം ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യയോടുള്ള നന്ദി സൂചകമായി സംഗീത ആൽബം സമ്മാനിച്ച് ദമ്മാമിലെ പ്രവാസി മലയാളികൾ. 'ശുക്രൻ ലക യാ സൗദീ' എന്ന പേരിലുള്ള ആൽബം ദമ്മാം അൽമുന സ്കൂളിൽ നടന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ടി.പി ഗ്രൂപ് സ്കൂൾ ചെയർമാൻ ടി.പി. മുഹമ്മദും മുഹമ്മദ് നജാതിയും ചേർന്ന് രചിച്ച അറബിയിലും മലയാളത്തിലുമുള്ള പാട്ടുകളാണ് മാപ്പിളപ്പാട്ടു ഗായകനായ നാച്ചു അണ്ടോണയുടെയും കണ്ണൂർ മമ്മാലിയുടെയും ആലാപനത്തിലൂടെ പുറത്തിറങ്ങിയത്.
കണ്ണൂർ മമ്മാലിയാണ് സംഗീതം നിർവഹിച്ചത്. അൽമുന സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ സൗദിയുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ദൃശ്യങ്ങളും ചേർന്ന ആൽബം തികച്ചും വേറിട്ട അനുഭവമാണ് പകരുന്നത്. അന്നം നൽകിയ നാടിനോടും ജനതയോടും പ്രവാസികൾക്കും മലയാളി സമൂഹത്തിനുമുള്ള നന്ദിയും കടപ്പാടും അതിന്റെ പൂർണ അർഥത്തിലും ആശയത്തിലും പ്രതിഫലിപ്പിക്കുന്ന വരികൾ ആസ്വാദകരുടെ മനംകവരുന്നതും മാതൃകാപരവുമാണെന്ന് ആൽബം പ്രകാശനം ചെയ്തുകൊണ്ട് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ, നാസർ അൽഖഹ്താനി, മുഹമ്മദ് യൂസഫ്, മമ്മൂ മാസ്റ്റർ, പി.വി. അബ്ദുറഹ്മാൻ, കാദർ ചെങ്കള, പവനൻ മൂലക്കൽ, ജമാൽ വില്യാപ്പള്ളി, സുനിൽ മുഹമ്മദ്, അഷ്റഫ് ആലുവ, ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂൽ, റഹ്മാൻ കരയാട്, ഹമീദ് വടകര, രാജേഷ് കണ്ണൂർ, മുത്തു തലശ്ശേരി, സാജിദ് ആറാട്ടുപുഴ, പി.ടി. അലവി, മുജീബ് കളത്തിൽ, നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.