തിരുവനന്തപുരത്ത് പ്രവാസി ലീഗൽ സെൽ ‘പ്രവാസി മീറ്റി’ൽ സൗദി ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ
റിയാദ്/തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ (പി.സി.എൽ) ‘ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ‘പ്രവാസി മീറ്റ് 2025’ സംഘടിപ്പിച്ചു.
തിരുവനന്തപുരം വൈ.എം.സി.സി ഹാളിൽ നടന്ന പരിപാടി തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻറ്സ് മേജർ ശശാങ്ക് ത്രിവേദി ഉദ്ഘാടനം ചെയ്തു. വിദേശങ്ങളിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പ്രവാസിമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും പി.സി.എല്ലുമായി സഹകരിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
തിരുവനന്തപുരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവർക്ക് സൗജന്യമായ നിയമസഹായം ഉറപ്പുവരുത്തുന്ന ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. പുതിയകാലത്തെ മലയാളി കുടിയേറ്റത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റിയാണ് ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ പ്രശസ്ത കുടിയേറ്റ പഠന വിദഗ്ധനും ഐ.ഐ.എം.എ.ഡി തലവനുമായ പ്രഫ. ഇരുദയരാജൻ പറഞ്ഞത്.
കടംവാങ്ങി വിറ്റുപെറുക്കിയ തുകകൊണ്ട് വിദേശത്ത് പോവുകയും വിദേശത്തുനിന്നും കടം വാങ്ങി നാട്ടിലയാക്കുകയും ചെയ്യുന്ന വിഷമവൃത്തമാണ് സമകാലീന മലയാളി കുടിയേറ്റത്തിന്റെ ദുരവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
സെൽ കേരള ചാപ്റ്റർ പ്രസിഡന്റും മുൻ ജില്ല ജഡ്ജും മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സനുമായ പി. മോഹനദാസ് അധ്യക്ഷതവഹിച്ചു. സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം മോഡറേറ്ററായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, സാമൂഹികപ്രവർത്തക ഷീബ രാമചന്ദ്രൻ, ബഷീർ പാണ്ടിക്കാട് എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരങ്ങൾ ഭരണസമിതി അംഗങ്ങളായ തൽഹത്ത് പൂവച്ചൽ, നന്ദ ഗോപകുമാർ, നിയാസ് പൂജപ്പുര, ശ്രീകുമാർ എന്നിവർ സമ്മാനിച്ചു. ചടങ്ങിൽ പ്രവാസി ലീഗൽ സെല്ലിന്റെ സൗദി ചാപ്റ്റർ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നിർവഹിച്ചു. സൗദി കോഓഡിനേറ്ററായ പീറ്റർ അബ്രഹാം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സെല്ലിന്റെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ബുക്ക് ലെറ്റിന്റെ പ്രകാശനം ഭരണസമിതി അംഗം ജിഹാൻഗിർ നിർവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ സ്വാഗതവും ട്രഷറർ തൽഹത്ത് പൂവച്ചൽ നന്ദിയും പറഞ്ഞു. പി.എൽ.സി ഇടുക്കി കോഓഡിനേറ്റർ ബെന്നി പെരികിലത്ത് അവതാരകനായിരുന്നു.
അനിൽ അളകാപുരി, ശ്രീകുമാർ, തൽഹത്ത് പൂവച്ചൽ, ബഷീർ ചേർത്തല, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, ഷെരിഫ് കൊട്ടാരക്കര, ബഷീർ പാണ്ടിക്കാട്, ജിഹാൻഗിർ, രാധാകൃഷ്ണൻ തൃശൂർ, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.