ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദിനെ കാണാനെത്തിയ ജീസാൻ കെ.എം.സി.സി പ്രതിനിധികൾ അദ്ദേഹത്തോടൊപ്പം റിയാദിലെ എംബസിയിൽ
റിയാദ്: ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് കോൺസുലാർ സേവനങ്ങൾ നൽകുന്ന പുറംകരാർ ഏജൻസിയായ വി.എഫ്.എസ് ഗ്ലോബലിെൻറ ശാഖ ജീസാനിൽ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ്. കെ.എം.സി.സി ജീസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ഇന്ത്യൻ എംബസി സോഷ്യൽ വെൽഫെയർ അംഗവുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ വിഷയം പഠിച്ച് വേണ്ടത് ചെയ്യാമെന്ന് അറിയിച്ചത്.
പാസ്പോർട്ട് സംബന്ധമായ വിഷയങ്ങളിൽ ജീസാനിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യക്കാർ കാലങ്ങളായി നേരിടുന്ന പ്രതിസന്ധിക്കുള്ള പരിഹാരം വി.എ.എസ് ഓഫിസ് സ്ഥാപിക്കലാണെന്ന് കെ.എം.സി.സി പ്രതിനിധി സംഘം അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. അംബാസഡറായി ചുമതലയേറ്റ ശേഷം ആദ്യമായി ജീസാൻ സന്ദർശിക്കാനുള്ള ക്ഷണം അംബാസഡർ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഘട്ടം പിന്നിട്ടാൽ ജീസാനിലെത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. എംബസിയിൽ രജിസ്റ്റർ ചെയ്ത ജീസാനിലെയും സമീപ പ്രവിശ്യകളിലെയും ഇഖാമ കാലാവധി തീർന്നവരെയും ഹുറൂബിൽ പെട്ടവരെയും നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്ന് സംഘം അംബാസഡറോട് ആവശ്യപ്പെട്ടു.
ജീസാനിലെ ജയിലുകളിലെ കോൺസുലേറ്റ് സന്ദർശനം പുനരാരംഭിക്കണമെന്നും ശിക്ഷാ കാലാവധി കഴിഞ്ഞവരെ ജയിൽമോചിതരാക്കി നാട്ടിലെത്തിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ജീസാനിലെ ഇന്ത്യൻ സമൂഹത്തിെൻറ വിഷയങ്ങളിൽ എംബസി സോഷ്യൽ വെൽഫെയർ അംഗങ്ങളുടെയും കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും ഇടപെടൽ അംബാസഡർ പ്രശംസിച്ചു. ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം കോൺസുലർ ഡി.ബി. ഭാട്ടിയ, ജീസാൻ കെ.എം.സി.സി പ്രതിനിധികളായ ഖാലിദ് പാട്ട്ല, നജീബ് പാണക്കാട്, റിയാദ് കെ.എം.സി.സി സെക്രട്ടറി മുജീബ് ഉപ്പട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.