ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ 7' ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 19 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ, സാമൂഹിക, സാംസ്ക്‌കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം പ്രവാസി യുവാക്കൾക്കിടയിൽ സ്പോർട്സ്മാൻഷിപ്പ്, ടീം വർക്ക്, കമ്മ്യൂണിറ്റി ഇടപെടൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, പ്രവാസികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിച്ചു ഉല്ലസിക്കാൻ അവസരമൊരുക്കുക, സംഘടനാ പ്രവർത്തകരെ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വിവിധ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ദീർഘകാലം വിദേശകാര്യ സഹമന്ത്രിയും നിരവധി തവണ ഐക്യരാഷ്ട്ര സഭയിൽ രാജ്യത്തിന് വേണ്ടി ശബ്ദിച്ച മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ. അഹമ്മദിന്റെ നാമധേയത്തിലാണ് ഫുട്ബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. പ്രവാസി ഇന്ത്യക്കാരുമായി അടുത്തിടപഴകി എപ്പോഴും പ്രവാസി പ്രശ്‌നങ്ങൾ കേൾക്കാനും വേണ്ട സഹായങ്ങൾ ചെയ്തുതു കൂടെ നിന്ന മഹാനായ നേതാവിൻ്റെ സ്‌മരണയിൽ 'ഇ. അഹമ്മദ് സാഹിബ് സൂപ്പർ 7' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻ്റ് ജിദ്ദ പ്രവാസി സമൂഹം ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ പറഞ്ഞു.
സെപ്തംബർ 19 മുതൽ ഒക്ടോബർ 10 വരെയുള്ള വാരാന്ത്യങ്ങളിലാണ് 5,000 ത്തോളം പേർക്ക് ഒരേ സമയം ഇരുന്ന് വീക്ഷിക്കാൻ സൗകര്യമുള്ള ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ അരങ്ങേറുക. രണ്ടു പൂളുകളിലായിട്ട് നടക്കുന്ന ടൂർണമെന്റിൽ എട്ട് പ്രധാന ക്ലബ്ബുകൾ തമ്മിലുള്ള മത്സരവും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ആറ് വടക്കൻ ജില്ലാ കമ്മിറ്റികളും എറണാംകുളം മുതൽ തെക്കോട്ടുള്ള ഏഴ് ജില്ലകളുടെ ഒരു ടീമും തമ്മിലുള്ള മത്സരവും നടക്കും. ഒപ്പം ജിദ്ദയിലെ നാല് ജൂനിയർ ക്ലബുകളിലെ ടീമുകളും തമ്മിൽ ഏറ്റുമുട്ടും. ജിദ്ദ കണ്ടതിൽ വെച്ചേറ്റവും വലിയ പ്രൈസ് മണിയായ 35,000 റിയാൽ സമ്മാനം വിജയികൾക്കിടയിൽ വിതരണം ചെയ്യും.
ക്ലബുകൾ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും 12,000 റിയാൽ കാശ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 8,000 റിയാൽ കാശ് പ്രൈസും ലഭിക്കും. ജില്ലാ കമ്മിറ്റികൾ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും 9,000 റിയാൽ കാശ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 6,000 റിയാൽ കാശ് പ്രൈസും ലഭിക്കും. സെപ്തംബർ 19 ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ടൂർണമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക പ്രകടനങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയിൽ വൻജനപങ്കാളിത്തത്തോടെ നടക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റ് നടക്കും. ഒക്ടോബർ 10 നു രണ്ട് പൂളുകളുടെയും ഫൈനൽ മത്സരവും സമാപനവും നടക്കും. ഉദ്ഘാടനത്തിലും സമാപനത്തിലും നാട്ടിൽ നിന്നുള്ള മുസ്ലിംലീഗ് നേതാക്കൾ അതിഥികളായി എത്തിയേക്കുമെന്നും കാണികൾക്ക് നറുക്കെടുപ്പിലൂടെ നാട്ടിൽ ബൈക്ക് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്ന കൂപ്പണുകൾ വഴി പ്രചരണങ്ങൾ നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ആക്ടിങ് പ്രസിഡന്റ് എ.കെ മുഹമ്മദ് ബാവ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ല്യാരങ്ങാടി, സെക്രട്ടറിമാരായ സുബൈർ വട്ടോളി, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.