അബൂദബി: ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി റോഡിൽ എതിർദിശയിൽ മദ്യപിച്ച് വാഹനമോടിച്ച് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയ ഡ്രൈവർക്ക് ആറുമാസം തടവും ഒരു ലക്ഷം ദിർഹം പിഴയും. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഡ്രൈവിങ് ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും അബൂദബി മിസ്ഡെമീനർ കോടതി ഉത്തരവിട്ടു.
അമിത ലഹരിയിലായിരുന്ന ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ വാഹനം തടഞ്ഞുനിർത്തിയത്. തുടർന്ന് ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ രക്തപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.
മേഖലയിലെ മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്‍ററിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ, ഫീൽഡ് റിപ്പോർട്ട് തുടങ്ങിയ തെളിവുകൾ പരിശോധിച്ച കോടതി പ്രതി കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷ വിധിച്ചത്. റോഡ് ഉപയോക്താക്കളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്‍റെയും ഭാഗമായാണ് ട്രാഫിക് നിയന്ത്രണ ഫെഡറൽ ഉത്തരവ് പ്രകാരവും കുറ്റകൃത്യ ശിക്ഷാ നിയമപ്രകാരവും കടുത്ത ശിക്ഷ നടപ്പാക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.