റിയാദ്: ലോകമെമ്പാടും രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന് പുതിയ സാങ്കേതിക വിദ്യകളിലൂടെ ശാശ്വത പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ട് ആഗോള ജല ഉച്ചകോടിക്ക് സൗദി അറേബ്യ വേദിയാകുന്നു. 21-ാമത് ‘ഐ.ഡി.ആർ.എ 2026’ വേൾഡ് കോൺഗ്രസ് സൗദി തലസ്ഥാനമായ റിയാദിൽ നവംബറിൽ സംഘടിപ്പിക്കും.
കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിലും ഉപയോഗിച്ച വെള്ളം വീണ്ടും ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമായിരിക്കും ഇത്. സൗദി വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആദ്യമായാണ് ഈ ഉച്ചകോടി സൗദിയിൽ നടക്കുന്നത്. നവംബർ ഒന്ന് മുതൽ അഞ്ച് വരെ റിയാദ് ഇൻറർകോണ്ടിനെൻറൽ ഹോട്ടലിലെ കിങ് ഫൈസൽ കോൺഫറൻസ് ഹാളിലാണ് ഈ അഞ്ചുദിവസത്തെ പരിപാടി നടക്കുക.
സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലും ഇൻറർനാഷനൽ ഡിസാലിനേഷൻ ആൻഡ് റീയൂസ് അസോസിയേഷെൻറ സഹകരണത്തിലുമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ‘പുതിയ സാങ്കേതിക വിദ്യകളിലൂടെ ലോകത്തിന് സുസ്ഥിരമായ ജലസുരക്ഷ ഉറപ്പാക്കുക’ എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം.
100-ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും 400 പ്രധാന ജല സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 2200-ൽ അധികം പേർ റിയാദിൽ നടക്കുന്ന ചർച്ചകളിൽ നേരിട്ട് പങ്കാളികളാകും. നാല് ദിവസങ്ങളിലായി നാല് പ്രത്യേക വേദികളിൽ ഒരേസമയം നടക്കുന്ന 25 സെഷനുകൾ, 200-ലധികം സാങ്കേതിക അവതരണങ്ങൾ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 240-ലധികം ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും.
ആകെ 58 ഉപവിഷയങ്ങളെ ആസ്പദമാക്കിയാണ് പഠനങ്ങൾ നടക്കുക. ജലമേഖലയിലെ പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും, വെള്ളത്തിെൻറ പരമാവധി പുനരുപയോഗവും കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള വഴികളും, ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും ജലവിതരണത്തിൽ ഉപയോഗിക്കൽ, വെള്ളം ശുദ്ധീകരിക്കുമ്പോൾ വൈദ്യുതി ചെലവ് കുറയ്ക്കാനുള്ള വഴികൾ, ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളും മാനണ്ഡങ്ങളും, വൻകിട ജല പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് എന്നീ ആറ് പ്രധാന മേഖലകളിലാണ് പ്രധാനമായും ചർച്ചകൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
സൗദി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘വാട്ടർ റെഗുലേഷൻ ഫോറം’ ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വിവിധ രാജ്യങ്ങളിലെ നിയമനിർമാതാക്കളും ഭരണാധികാരികളും കമ്പനി മേധാവികളും ഇവിടെ ഒത്തുചേർന്ന് ഭാവി ജലനയങ്ങൾക്ക് രൂപം നൽകും. ശുദ്ധീകരണ ചെലവ് കുറയ്ക്കൽ, കാർബൺ മലിനീകരണം തടയൽ, സാമ്പത്തിക സഹായങ്ങൾ കണ്ടെത്തൽ എന്നിവ ഇതിൽ പ്രധാന ചർച്ചയാകും.
കൂടാതെ മൂന്ന് പ്രത്യേക സഭകൾ, അത്യാധുനിക ഉപകരണങ്ങളുടെ പ്രദർശനം, പരിശീലന കളരികൾ, ലോക ജല ശുദ്ധീകരണ ഹാക്കത്തോണിെൻറ രണ്ടാം പതിപ്പ്, ജലമേഖലയിലെ പ്രമുഖർക്കുള്ള ‘ഐ.ഡി.ആർ.എ അവാർഡ് വിതരണ ചടങ്ങ്’ എന്നിവയും ഇതിനോടനുബന്ധിച്ച് നടക്കും. കടൽവെള്ളം കുടിവെള്ളമാക്കുന്നതിലും ജലവിഭവ മാനേജ്‌മെൻറിലും സൗദി അറേബ്യയ്ക്കുള്ള ലോകോത്തര അനുഭവസമ്പത്തും മുൻനിര സ്ഥാനവുമാണ് ഇത്തരമൊരു വൻകിട ആഗോള ഉച്ചകോടിക്ക് റിയാദിനെ വേദിയാക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.