1. ഇന്ത്യൻ എഴുത്തുകാരിയും മാൻ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് കഥപറയൽ സംഗമത്തിൽ 2. ബാനു മുഷ്താഖ്
റിയാദ്: അറബ് ജീവിതത്തിന്റെയും പൈതൃകത്തിന്റെയും മഹിത മാതൃകകൾ ഉയർത്തിക്കാട്ടുന്ന ദറഇയ സീസൺ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി കഥ പറയൽ സംഗമം. എഴുത്തുകാർ, കഥാകൃത്തുക്കൾ, കലാകാരന്മാർ, പ്രസാധക സ്ഥാപനങ്ങൾ, ആസ്വാദകർ എന്നിവരായിരുന്നു വിവിധ സെഷനുകളിലെ അനുവാചകർ. ചരിത്രത്തിലുടനീളം അറിവിന്റെ ഒരു ദീപസ്തംഭമായും രാജ്യത്തിന്റെ സംസ്കാരം, പൈതൃകം എന്നിവയിൽ അഭിനിവേശമുള്ളവരുടെ ഒത്തുചേരലായും ഈ വേദി മാറി.
ഇന്ത്യൻ എഴുത്തുകാരിയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ മാൻ ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖായിരുന്നു മുഖ്യാതിഥി. അവർ നയിച്ച ‘സ്വയം എഴുതൽ’ എന്ന ശിൽപശാല ഏറെ ആകർഷകവും ക്രിയാത്മകവുമായിരുന്നു.കഥകൾ കണ്ടെത്തുവാനും അത് പറയാനുമുള്ള ശേഷി വർധിപ്പിക്കുക, ജീവിതാനുഭവങ്ങൾ, വികാരങ്ങൾ, ഓർമകൾ എന്നിവയെ ആഖ്യാന രൂപത്തിലേക്ക് മാറ്റുക, സ്വയം മനസിലാക്കുന്നതിനുള്ള ഒരു കണ്ണാടിയായും വ്യക്തിപരവും സാർവത്രികവുമായ ഒരു പാലമായും എഴുത്തിനെ ഉപയോഗിക്കുക എന്നിവയായിരുന്നു വർക്ക്ഷോപ്പ് ലക്ഷ്യമിട്ടത്.
ദറഇയയിലെ അൽ ബുജൈരി, ബാബ് സംഹാൻ ഹോട്ടൽ തുടങ്ങിയ വേദികളിൽ കഥയുടെ രാവുകൾക്ക് പുറമെ പല രൂപങ്ങളും അവതരിപ്പിച്ചു. എഴുത്ത്, ചിത്രീകരണം, സംഗീതം, പുസ്തകമേളകൾ, വായനായിടങ്ങൾ തുടങ്ങി പരമ്പരാഗത കഥപറച്ചിലിനെ ആധുനിക ആഖ്യാന കലകളുമായി ബന്ധിപ്പിക്കുന്ന സംവേദനാത്മക രീതികൾ സജീവമായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക നീതി, സാംസ്കാരിക സ്വത്വം എന്നിവയിൽ ശക്തമായ ശബ്ദമുള്ള അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട എഴുത്തുകാരിയായ ബാനു മുഷ്താഖിന്റെ സാന്നിധ്യം കഥാ കഥനോത്സവത്തിന് ആഴവും ആഗോള കാഴ്ചപ്പാടും നൽകി. എഴുത്തിനെ സാമൂഹിക യാഥാർഥ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ആധുനിക പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും മാറ്റത്തെ വ്യാഖ്യാനിക്കുന്നതിലും സാഹിത്യത്തെയും ജീവിതത്തെയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിലും രണ്ടാഴ്ച നീണ്ടുനിന്ന കഥകളുടെ ഉത്സവം വലിയ പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.