ജോബി ടി. ജോർജ്
ദമ്മാം: അർബുദ ബാധയെത്തുടർന്ന് ദമ്മാമിൽ ചികിത്സയിലായിരുന്ന അഭിനേതാവും കലാകാരനുമായ കൊല്ലം തിരുത്തിക്കര ജോബി ടി. ജോർജ് (43) നിര്യാതനായി. മാസങ്ങൾക്ക് മുമ്പാണ് അർബുദം സ്ഥിരീകരിച്ചത്. വെല്ലൂരിലെ ചികിത്സക്കുശേഷം തിരികെയെത്തിയ ജോബി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഒരാഴ്ച മുമ്പുണ്ടായ അസ്വസ്ഥതയെത്തുടർന്ന് ദമ്മാമിലെ സ്വകാര്യ ആുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പ് രോഗം മൂർച്ഛിച്ചതിനെ ത്തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് മരിച്ചത്. ദമ്മാം മാർത്തോമാ ഇടവക അംഗമായിരുന്നു. ഇടവക ട്രസ്റ്റി, അക്കൗണ്ടൻറ്, ആത്മായ ശുഷ്രുഷകൻ, യീവ ജനസഖ്യം സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി സ്വകാര്യ കമ്പനിയിൽ ഫൈനാൻസ് വിഭാഗത്തിൽ ജോലിചെയ്തു വരികയായിരുന്നു. അൽ ഖോബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് സാംസ്കാരിക വേദിയുടെ പ്രവർത്തകനായ ജോബി നിലവിൽ ആർട്സ് ക്ലബ്ബ് സെക്രട്ടറിയാണ്. കനിവ് അവതരിപ്പിച്ച നിരവധി നാടകങ്ങളിൽ ജോബി വേഷമിട്ടുണ്ട്. ദമ്മാം നാടകവേദി കഴിഞ്ഞ വർഷം വിശ്വ വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ‘ഇതിഹാസം’ എന്ന നാടകത്തിൽ ഷേക്സ്പിയറായി അഭിനയിച്ചതോടെയാണ് ജോബി സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.
അന്തമാൻ സ്വദേശിനിയും നഴ്സുമായ ജിഷയാണ് ഭാര്യ. ‘ഇതിഹാസം’ നാടകത്തിൽ ഷേക്സ്പിയറിന്റെ അമ്മയായി അഭിനയിച്ചത് ജിഷയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ദമ്മാം സ്കുൾ വിദ്യാർഥികളായ ലെവിൻ (13), ലിയാന (ഒമ്പത്) എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.