റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ കണ്‍ട്രോള്‍ മേധാവി ഹുസാം അല്‍അന്‍ഖരി പറഞ്ഞു. വിദേശത്തേക്കുള്ള പണമൊഴുക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ച് വര്‍ഷം മുമ്പ് തള്ളപ്പെട്ട നിര്‍ദേശം ശൂറ കൗണ്‍സില്‍ വീണ്ടും ചര്‍ച്ചക്കെടുക്കുന്നത്. വിദേശ ജോലിക്കാര്‍ വര്‍ഷത്തില്‍ നാട്ടിലേക്കയക്കുന്ന സംഖ്യയുടെ ആറ് ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുക. ചര്‍ച്ചക്ക് ശേഷം അതേദിവസം വോട്ടിനിടുന്ന നിര്‍ദേശത്തില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഇതിന്‍െറ പ്രായോഗിക നടപടികളുടെ പഠനത്തിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അഞ്ച് വര്‍ഷം പിന്നിടുന്ന തൊഴിലാളികളുടെ നികുതി ആറില്‍ നിന്ന് രണ്ട് ശതമാനമായി കുറക്കണമെന്നും സാമ്പത്തിക സമിതി നിര്‍ദേശിച്ചു. വിദേശികള്‍ തങ്ങളുടെ വരുമാനം സൗദിയില്‍ തന്നെ ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക, വിദേശ ട്രാന്‍സ്ഫറിന്‍െറ തോത് കുറക്കുക, അനധികൃതമായി പണം സമ്പാദിക്കുന്നത് തടയുക എന്നിവ ടാക്സ് ഏര്‍പ്പെടുത്തുന്നതിന്‍െറ ലക്ഷ്യമാണ്. അഞ്ച് വര്‍ഷം മുമ്പ് ശൂറയുടെ മുന്നില്‍ വന്ന നിര്‍ദേശം വോട്ടിനിട്ടപ്പോള്‍ 45നെതിരെ 70 വോട്ടുകള്‍ക്ക് തള്ളപ്പെടുകയായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ വിദേശത്തേക്ക് പണമയക്കുന്നതിന്‍െറ തോത് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പത്തു വര്‍ഷം മുമ്പ് 57 ബില്യന്‍ റിയാല്‍ വിദേശത്തേക്ക് അയച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 135 ബില്യനായി ഉയര്‍ന്നിട്ടുണ്ട്. നികുതി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ അതില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്കും വെട്ടിപ്പിന് വിദേശികളെ സഹായിക്കുന്ന സ്വദേശികള്‍ക്കും കടുത്ത പിഴയും ശിക്ഷയും നല്‍കണമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.