ദമ്മാം: ദമ്മാം സെൻട്രൽ ജയിലിൽ 190 ഇന്ത്യൻ തടവുകാരുണ്ടെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ എ ംബസി ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിലാണ് ഇത് കണ്ടെത്തിയത്. കൊലപാതകം, മയക്ക ുമരുന്ന്, ഹവാല, ബിനാമി കച്ചവടം, സാമ്പത്തിക കുറ്റകൃത്യം മദ്യക്കടത്ത് തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണിവർ.
ഒാരോരുത്തരുടെയും കേസുകളുടെ കൃത്യമായ വിവരങ്ങളും വ്യക്തിവിവരങ്ങളും സംഘം ശേഖരിച്ചു. ഏറ്റവും കൂടുതൽ പേർ ശിക്ഷ അനുഭവിക്കുന്നത് മദ്യവുമായി ബന്ധപ്പെട്ട കേസുകളിലാണ്. ഇതിൽ മഹാഭൂരിഭാഗവും മലയാളികളാണ്. കഴിഞ്ഞമാസം മാത്രം സൗദിയിലെത്തുകയും മദ്യ ഉൽപാദനത്തിലും വിതരണത്തിലും പങ്കാളിയാവുകയും ചെയ്ത അമ്പതോളം മലയാളി ചെറുപ്പക്കാരാണ് പുതുതായി തടവറയിലെത്തിയത്.
പെെട്ടന്ന് പണക്കാരാകാനുള്ള കുറുക്കുവഴികൾ തേടിയാണ് പലരും മദ്യ ബിസിനസിലേക്ക് തിരിയുന്നത്. മദ്യനിർമാണത്തിന് രഹസ്യ ഫാക്ടറി നേപ്പാളികളുമായി ചേർന്ന് നടത്തി പിടിയിലായ മലയാളിയും കൂട്ടത്തിലുണ്ട്. മദ്യവുമായി നടന്നുവന്ന സുഹൃത്തിനെ വാഹനത്തിൽ കയറ്റിയതിെൻറ പേരിൽ ഒരു കമ്പനിയിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന തമിഴ്നാട് സ്വദേശിയും സമാനമായ സംഭവത്തിൽ രണ്ടു മലയാളികളും ശിക്ഷ അനുഭവിക്കുന്നുണ്ട്. ഒാരോരുത്തരുടെയും കേസുകൾ പരിശോധിച്ച് ആവശ്യമായ നിയമസഹായങ്ങൾ എത്തിച്ച് മോചനത്തിന് സഹായിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്യുന്നതിനാണ് എംബസി സംഘം ജയിലുകൾ സന്ദർശിച്ചത്. ഉദ്യോഗസ്ഥരായ വസിയുല്ല ഖാൻ, രാജീവ് രഞ്ജൻ, ധർമജൻ, സുകുമാരൻ എന്നിവരും സാമൂഹിക പ്രവർത്തകരായ ഷാജി വയനാട്, മണിക്കുട്ടൻ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ജയിൽ മേധാവി കേണൽ മുഹമ്മദ് അലി അൽഹാജിരിയുമായി സംഘം ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.