കാർഗോ സ്ഥാപനങ്ങൾക്കിടയിലെ കിടമത്സരം: ഉപഭോക്താക്കൾക്ക് പ്രശ്നമാകുമെന്ന് ആശങ്ക

ദമ്മാം: സ്കൂൾ അവധിയായതോടെ നാട്ടിലേക്കുള്ള പ്രവാസികളുടെ ഒഴുക്ക് വർധിച്ച സാഹചര്യത്തിൽ ആകർഷകമായ നിരക്കിളവുമായി കാർഗോ സ്ഥാപനങ്ങൾ. പക്ഷേ, യാഥാർഥ്യ ബോധമില്ലാത്ത നിരക്കിളവുകളാണ് ചിലതെങ്കിലുമെന്ന് ഈ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്രയും കുറഞ്ഞ നിരക്കിൽ സാധനങ്ങൾ യഥാവിധി എത്തിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഉപഭോക്താക്കൾക്ക് അത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഈ രംഗത്ത് ദീർഘകാലമായി നിൽക്കുന്നവർ പറയുന്നത്. കൃത്യമായ ആസൂത്രണമില്ലാതെ നിരക്കിളവ് പ്രഖ്യാപിച്ചാൽ മുൻകാലങ്ങളിൽ ഈ മേഖലയിൽ ഉണ്ടായതുപോലൊരു പ്രതിസന്ധി ഉടലെടുക്കാനും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്. കാർഗോ മേഖലയിൽ അതീവ ജാഗ്രതയുള്ളവർക്ക് മാത്രമെ പിടിച്ചുനിൽക്കാൻ സാധിക്കുന്നുള്ളൂ.

സ്വീകരിക്കുന്ന സാധനങ്ങൾ ഒരു മാസം കൊണ്ട് നാട്ടിലെത്തിക്കുമെന്നാണ് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നത്. സാധാരണ ഗതിയിൽ 15 ദിവസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാൻ കഴിയാറുമുണ്ട്. എന്നാൽ ചില സമയങ്ങളിൽ അപ്രതീക്ഷിതമായി കാർഗോ സാധനങ്ങൾ എയർ/സീ പോർട്ടുകളിൽ കുടുങ്ങിപ്പോകാറുണ്ട്. ലക്ഷങ്ങൾ മുടക്കി മാസങ്ങൾ നീണ്ട ശ്രമഫലമായി മാത്രമെ ഇത് പുറത്തിറക്കാൻ കഴിയാറുള്ളൂ.

ചില സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ തന്നെ വലിയ വിലക്കിഴിവുകൾ പ്രഖ്യാപിക്കുകയും പിന്നീട് കൃത്യമായി സാധനങ്ങൾ എത്തിച്ചുനൽകാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

നിലവിൽ ഇത്തരം ഓഫറുകൾ നൽകുന്ന സ്ഥാപനങ്ങൾ നേരത്തെ പോർട്ടുകളിൽ കുടുങ്ങിപ്പോയ സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകാൻ കഴിയാതിരുന്നവരാണെന്നും ആരോപണമുണ്ട്.

Tags:    
News Summary - Competition among cargo firms: Consumers worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.