കാലാവസ്ഥ വ്യതിയാനം: പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ മൂന്ന് കർമപദ്ധതി

ജിദ്ദ: കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതിയിൽനിന്ന് ഭൂമിയെയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കാനുള്ള പ്രതിവിധി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ മൂന്ന് പുതിയ കർമപദ്ധതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ.പ്രാദേശിക തലത്തിലും മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്കൻ മേഖലയിലും ഇത്തരത്തിലുള്ള കാലാവസ്ഥ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതികൾകൂടി ആരംഭിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ശറമുൽ ശൈഖിൽ സംഘടിപ്പിച്ച 27ാമത് കാലാവസ്ഥ സമ്മേളനത്തിന്റെ ഭാഗമായ 'ഗ്രീൻ സൗദി ഇനിഷ്യേറ്റിവ് ഫോറത്തി'ന്റെ രണ്ടാംദിന പരിപാടിയിൽ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലൊന്ന് സർക്കുലർ കാർബൺ സമ്പദ്‌ വ്യവസ്ഥക്ക് വേണ്ടിയുള്ള വിജ്ഞാനകേന്ദ്രമാണ്. 'ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റിവി'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ കേന്ദ്രം.

മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്കൻ രാജ്യങ്ങൾക്ക് നിർണയിച്ച സംഭാവനകൾ നടപ്പാക്കുന്നതിന് കേന്ദ്രം ഒരു പ്രധാന വേദിയായി മാറും.ഗ്രീൻ മിഡിലീസ്റ്റ് ഇനിഷ്യേറ്റിവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കുമെന്നും ഊർജ മന്ത്രി പറഞ്ഞു.കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള വേഗം വർധിപ്പിക്കുന്നതിനായി ഒരു പ്രാദേശിക കേന്ദ്രം സ്ഥാപിക്കലാണ് രണ്ടാമത്തെ പദ്ധതി.

യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുമായി സഹകരിച്ചാണ് സൗദി അറേബ്യ ഈ കേന്ദ്രം സ്ഥാപിക്കുക.കാർബൺ ഉദ്വമനം കുറക്കുന്നതിനും സർക്കുലർ കാർബൺ ഇക്കോണമി മോഡൽ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും പ്രാദേശിക സഹകരണത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ സ്ഥാപിത ലക്ഷ്യം. ഈ മേഖലയിലെ രാജ്യങ്ങൾക്ക് അവരുടെ ശബ്ദങ്ങൾ ഉയർത്താനും ആഗോള കാലാവസ്ഥ സംവാദങ്ങളിൽ സജീവമായി പങ്കെടുക്കാനും ഉദ്വമനം കുറക്കാനുമുള്ള വ്യക്തമായ മാർഗരേഖ സജ്ജീകരിക്കാനും ആവശ്യമായ ഒരു വേദി ഈ കേന്ദ്രം ഒരുക്കും.

മധ്യപൗരസ്ത്യ ദേശത്തും വടക്കൻ ആഫ്രിക്കയിലും അടുത്തവർഷം ഒരു കാലാവസ്ഥ വാരം ആചരിക്കാൻ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നതാണ് മൂന്നാമത്തെ കർമപദ്ധതി.'യുനൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചു'മായി ചേർന്നാണ് സൗദി അറേബ്യ പ്രവർത്തിക്കുക. പ്രത്യേക പരിപാടി സംഘടിപ്പിക്കുകയും ചെയ്യും.

യു.എ.ഇയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ കോൺഫറൻസിന് മുന്നോടിയായാണ് ഇത് നടത്തുക.വെല്ലുവിളികളും അവസരങ്ങളും പര്യവേക്ഷണം ചെയ്യുക, നൂതനമായ പരിഹാരങ്ങൾ അവലോകനം ചെയ്യുക, കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖല ആഗോള തലത്തിലെ പങ്കാളികളുമായി സഹകരിച്ച് ഈ പരിപാടി നടത്തുകയെന്നും ഊർജ മന്ത്രി പറഞ്ഞു.

Tags:    
News Summary - Climate Change: Three Action Plans to Accelerate Prevention Actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.