ചേതന ലിറ്റററി ഫോറം സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ ജോസഫ് അതിരുങ്കൽ സംസാരിക്കുന്നു
റിയാദ്: റിയാദിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം ചെയ്ത് ചേതന ലിറ്റററി ഫോറം സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. ഭാഷയിലും സാഹിത്യത്തിലും പതിഞ്ഞ പ്രവാസത്തിന്റെ അടയാളങ്ങൾ പരിശോധിക്കുകയാണ് ഈ സാംസ്കാരിക പരിപാടിയുടെ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ചേതന പ്രസിഡന്റ് ഡോ. മുഹമ്മദ് ലബ്ബ പറഞ്ഞു.
ഖമർബാനു വലിയകത്ത് രചിച്ച 'ഗുൽമോഹറിതളുകൾ' കവിതാസമാഹാരം ഷാഹനാസ് സാഹിലും സബീന എം. സാലിയുടെ 'ലേഡി ലാവൻഡർ' എന്ന നോവൽ നൈസി സജ്ജാദും അവതരിപ്പിച്ചു. 'കനൽമനുഷ്യർ' എന്ന നജിം കൊച്ചുകലുങ്കിന്റെ പുസ്തകം സുലൈമാൻ വിഴിഞ്ഞവും 'ഗ്രിഗർ സംസയുടെ കാമുകി' എന്ന കഥാസമാഹാരം ബാരിഷ് ചെമ്പകശ്ശേരിയും അവതരിപ്പിച്ചു.
നിഖില സമീറിന്റ 'അമേയ', അബ്ദിയ ഷെഫീനയുടെ 'മസ്രയിലെ സുന്ദരി', സുബൈദ കോമ്പിലിന്റെ 'ചോരച്ചീന്ത്' എന്നീ രചനകൾ യഥാക്രമം റഹ്മത്ത് തിരുത്തിയാട്, ഷജീന, അഷ്റഫ് കൊടിഞ്ഞി എന്നിവർ പരിചയപ്പെടുത്തി. അക്ഷരലോകത്തേക്ക് വഴിതുറന്ന സന്ദർഭങ്ങളും പ്രചോദനമായി വർത്തിച്ച സഹൃദയരുടെ ഓർമകളും പങ്കുവെച്ച് എഴുത്തുകാർ സംസാരിച്ചു.
ജീവിതസത്യങ്ങൾ ഒരനുഭൂതിയുടെ മണ്ഡലത്തിൽനിന്നുകൊണ്ട് ആത്മാർഥതയോടെ ആവിഷ്കരിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നതെന്ന് കഥാകാരൻ ജോസഫ് അതിരുങ്കൽ പറഞ്ഞു. എഴുത്തുകാരൻ പ്രലോഭനങ്ങളിൽ അകപ്പെടുകയോ കെണികളിൽ വീഴുകയോ ചെയ്യരുതെന്നും നിലപാടുകളുടെയും അനുഭവങ്ങളുടെയും മൂശയിലായിരിക്കണം ഓരോ സൃഷ്ടിയും ഉണ്ടാവേണ്ടതെന്നും പത്രപ്രവർത്തകനായ നജിം കൊച്ചുകലുങ്ക് പറഞ്ഞു.
ഖമർബാനു വലിയകത്ത്, നിഖില സമീർ, സുബൈദ കോമ്പിൽ, അബ്ദിയ ഷഫീന എന്നിവരും എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. ചേതന പ്രോഗ്രാം കോഓഡിനേറ്റർ റസാഖ് മുണ്ടേരി അവതാരകനായിരുന്നു. എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും എൻ.എൻ. ദാവൂദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.