‘ലിബറൽ കാലത്തെ കുടുംബം’ എന്ന ശീർഷകത്തിൽ
ചേതന ലിറ്റററി ഫോറം സംഘടിപ്പിച്ച ചർച്ചയിൽ ഷഹനാസ് സാഹിൽ, എം.പി ഷഹ്ദാൻ, അംജദ് അലി എന്നിവർ
പുസ്തകങ്ങൾ അവതരിപ്പിക്കുന്നു
റിയാദ്: ‘ലിബറൽ കാലത്തെ കുടുംബം’ എന്ന ശീർഷകത്തിൽ റിയാദിലെ ചേതന ലിറ്റററി ഫോറം പുസ്തകാവലോകനം നടത്തി. ബത്ഹ സഫ മക്ക ഹാളിൽ നടന്ന പരിപാടിയിൽ എഴുത്തുകാരനായ എം.പി. ഷഹ്ദാൻ ‘കുടുംബം, ഇസ്ലാം, ലിബറലിസം’ എന്ന ടി. മുഹമ്മദ് വേളത്തിന്റെ ഗ്രന്ഥം അവതരിപ്പിച്ചു.
സമൂഹത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്ന കുടുംബമെന്ന സംവിധാനത്തെ തകർക്കുന്നതാണ് ലിബറലിസം. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അവകാശമായി കാണാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നതിലൂടെ സമൂഹം തന്നെ നാശത്തിലേക്ക് പോവുന്ന കാഴ്ചയാണ് ഇപ്പോൾ എവിടെയും കാണുന്നത്. മനുഷ്യന്റെ ജൈവികവും സാംസ്കാരികവുമായ കൂട്ടായ്മയായ കുടുംബത്തെ തകർക്കുന്നതെങ്ങനെ എന്ന് ഈ കൃതി കൃത്യമായി വരച്ചു കാണിക്കുന്നുവെന്ന് ഷഹ്ദാൻ പറഞ്ഞു.
കുടുംബഘടനയെ സന്തോഷപ്രദമായ ഒരു വിതാനത്തിലേക്ക് കൊണ്ടുവരാൻ ബോധപൂർവമായ ശ്രമങ്ങൾ അനിവാര്യമാണെന്ന് ‘കുടുംബജീവിതം’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഷഹനാസ് സാഹിൽ അഭിപ്രായപ്പെട്ടു. ഫാമിലി കൗൺസിലർ ഡോ. ജാസിം അൽ മുതവയുടെ ‘സ്വർഗം പൂക്കുന്ന കുടുംബം’ എന്ന പുസ്തകത്തെ അധികരിച്ച് അംജദ് അലി സംസാരിച്ചു.
പ്രണയവും കാരുണ്യവുമാണ് കുടുംബത്തിന്റെ അതിജീവന മന്ത്രം. എന്നാൽ പ്രേമം എല്ലായ്പ്പോഴും തീവ്രമായി നിലനിൽക്കുന്ന ഒന്നല്ലെന്നും അത് കാരുണ്യത്തിലേക്ക് വഴിമാറി ഇണയോടുള്ള അഗാധമായ ബന്ധമായി പരിണമിക്കണമെന്നും ഇല്ലെങ്കിൽ മനുഷ്യർ നിരാശരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനവും സന്തോഷവും ലൈംഗികാവശ്യങ്ങളും മാത്രമല്ല, എല്ലാം തെരുവിൽ വാങ്ങാൻ കിട്ടുമെന്ന മുതലാളിത്ത ജല്പനങ്ങളാണ് ലിബറൽ ചിന്തയുടെ അടിസ്ഥാന സിദ്ധാന്തമെന്ന് അധ്യക്ഷത വഹിച്ച റഹ്മത്ത് തിരുത്തിയാട് ചൂണ്ടിക്കാട്ടി. അബ്ദുറഹ്മാൻ ഒലയ്യാൻ, മൊയ്തു ഇരിട്ടി, ഡോ. മുഹമ്മദ് ലബ്ബ, അഷ്റഫ് കൊടിഞ്ഞി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.