സൗദി അറേബ്യയിലെ ബൂഫിയകളിലൊന്ന്

നി​ക്ഷേ​പ ന​യ​ത്തി​ലെ മാ​റ്റം: പ്ര​ഖ്യാ​പ​ന​ത്തി​ന് കാതോർത്ത് സം​രം​ഭ​ക​ർ

റിയാദ്: നിക്ഷേപ നയ മാറ്റം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ചെറുകിട-വൻകിട സംരംഭകർ. രാജ്യത്തെ നിക്ഷേപ നയത്തിൽ കാതലായ മാറ്റമുണ്ടാകുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതോടെ ചെറുകിട-വൻകിട സംരംഭകർ ഉറ്റുനോക്കുകയാണ്. രാജ്യത്തേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കുംവിധമായിരിക്കും പുതിയ നയമെന്നാണ് വ്യാപാര മേഖല കരുതുന്നത്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നിലവിൽ സൗദി അറേബ്യയിൽ ചെറുകിട നിക്ഷേപകർക്ക് നേരിട്ട് മുതലിറക്കാൻ അനുമതിയില്ല. രാജ്യത്തിന് പുറത്തുള്ള കമ്പനികൾക്ക് മാത്രമാണ് നിക്ഷേപ ലൈസൻസ് അനുവദിക്കുക. ഇതിൽതന്നെ ട്രേഡിങ് ലൈസൻസിന് 2.7 കോടി സൗദി റിയാൽ മൂലധന നിക്ഷേപം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. സേവന മേഖലക്ക് മൂലധന നിബന്ധനയില്ലെങ്കിലും രാജ്യത്തിന് പുറത്ത് സ്ഥാപനമുള്ളവരായിരിക്കണം. ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ മന്ത്രാലയത്തിൽ സമർപ്പിക്കണം.

എന്നാൽ, പ്രധാനമായും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ സൗദിയിൽ മുതലിറക്കുന്ന മിനി സൂപ്പർ മാർക്കറ്റ് (ബഖാല), ചായക്കട (ബൂഫിയ), മസാല കടകൾ, ബാർബർ ഷോപ്, ബേക്കറി, ഫാർമസി, വസ്ത്രക്കട, ഭക്ഷണശാല, ടെയ്‍ലറിങ് ഷോപ്, ട്രാവൽ ഏജൻസി, കളിക്കോപ്പുകൾ-സുഗന്ധ ദ്രവ്യങ്ങൾ-മാംസ വിൽപനശാലകൾ, മൊബൈൽ ഷോപ്പുകൾ തുടങ്ങിയ മേഖലകളിൽ കുറഞ്ഞ മുതലിറക്കി കച്ചവടം ചെയ്യുന്നവർക്ക് 2.7 കോടി റിയാൽ മൂലധനം പോലുള്ള നിബന്ധന പാലിക്കുക അസാധ്യമാണ്. ഇക്കാരണത്താൽ സൗദിയിൽ ചെറുകിട വിദേശ നിക്ഷേപം തീരെ കുറവാണ്.

മറ്റു ഗൾഫ് രാജ്യങ്ങളായ ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ 51 ശതമാനം സ്വദേശികൾക്കും 49 ശതമാനം വിദേശികൾക്കും എന്ന വ്യവസ്ഥയിൽ നിക്ഷേപം സാധ്യമാണ്. എന്നാൽ, ഈ അവസരം സൗദിയിലില്ല.

നിക്ഷേപ നയത്തിലെ മാറ്റം ഈ രീതിയിലോ അതിനേക്കാൾ നിക്ഷേപ സൗഹൃദത്തിലോ ആകുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ. ചെറുകിട സംരംഭത്തിന് അവസരം ഒരുങ്ങിയാൽ നിരവധി സ്ഥാപനങ്ങളാണ് സൗദിയിൽ ഒരുകൈ നോക്കാൻ കാത്തിരിക്കുന്നത്.

മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽനിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളോ അറിയപ്പെടുന്ന റസ്റ്റാറന്‍റുകളുടെ ശൃംഖലയോ സൗദിയിലില്ല. ഇതിന് കാരണം ചെറിയ മുടക്കിൽ ബിസിനസ് ചെയ്യാനുള്ള നിബന്ധനയാണ്.

ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശികളുടെ പേരിൽ മുതൽ മുടക്കി ബിനാമി കച്ചവടം ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രവണത അവസാനിപ്പിക്കാൻ സൗദി കർശന നടപടി സ്വീകരിച്ചതോടെ സ്വദേശികളെ മറയാക്കി ബിസിനസ് ചെയ്യുന്ന രീതി ഇല്ലാതായി. ഇക്കാലമത്രയും ബിനാമി കച്ചവടം നടത്തിയവർക്ക് പൊതുമാപ്പ് നൽകി അവരുടെ സ്ഥാപനങ്ങൾ നിയമവിധേയമാക്കാൻ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവന്നു.

ഈ അവസരം മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് സംരംഭകരാണ് വിനിയോഗിച്ചത്. ചെറുകിട സംരംഭകർക്ക് മുതലിറക്കാൻ അവസരമുണ്ടായാൽ കേരളത്തിൽനിന്ന് ഉൾപ്പെടെ സംരംഭകരുടെ ഒഴുക്ക് ഉണ്ടാകും. നിക്ഷേപകർക്ക് സ്വദേശി-വിദേശി വിവേചനമില്ലാതെ സേവനം ഉറപ്പുവരുത്തുമെന്നുള്ള മന്ത്രാലയത്തിന്‍റെ പ്രഖ്യാപനവും വിദേശ സംരംഭകരെ കൂടുതൽ ആകർഷിക്കും.

Tags:    
News Summary - Change in Investment Policy: Entrepreneurs awaiting announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.