വായുവിൽനിന്ന് നേരിട്ട് കാർബൺ പിടിച്ചെടുക്കുന്ന നൂതന സംവിധാനമായ ‘കാർബൺ ക്യാപ്ച്ചർ’ യൂനിറ്റിന് തുടക്കം കുറിച്ചപ്പോൾ
റിയാദ്: വായുവിൽനിന്ന് നേരിട്ട് കാർബൺ പിടിച്ചെടുക്കുന്ന നൂതന സംവിധാനമായ ‘കാർബൺ ക്യാപ്ച്ചർ’ യൂനിറ്റ് പ്രവർത്തനക്ഷമമായി. ആദ്യ പരീക്ഷണ യൂനിറ്റിന്റെ ഉദ്ഘാടനം ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ‘ക്ലേവർക്സ്’ എന്ന സ്ഥാപനവുമായി സഹകരിച്ച് റിയാദിലെ കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിലാണ് ഈ യൂനിറ്റ് സ്ഥാപിച്ചത്.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ പോലും കാർബൺ പിടിച്ചെടുക്കാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യയിലാണിത് നിർമിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള കാർബൺ സമ്പദ്വ്യവസ്ഥയിൽ സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഈ തുടക്കം പ്രതിഫലിപ്പിക്കുന്നു. ‘വിഷൻ 2030’നും ദേശീയ തന്ത്രങ്ങൾക്കും അനുസൃതമായി കാലാവസ്ഥ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നേരിട്ടുള്ള വായു കാർബൺ പിടിച്ചെടുക്കൽ പരിഹാരങ്ങൾ നടപ്പാക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത ഇത് അടിവരയിടുന്നു.
സർക്കിൾ കാർബൺ ഇക്കണോമി സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ പ്രത്യേകിച്ച് നേരിട്ടുള്ള വായു കാർബൺ പിടിച്ചെടുക്കൽ മേഖലയിൽ ഈ യൂനിറ്റിന്റെ പ്രവർത്തനം ഒരു പ്രധാന ചുവടുവെപ്പാണ്. യൂനിറ്റ് സാധാരണയായി പ്രവർത്തിക്കുന്ന ഐസ്ലാൻഡ് പോലുള്ള തണുത്ത കാലാവസ്ഥകളിൽനിന്ന് വ്യത്യസ്തമായ, കഠിനമായ കാലാവസ്ഥയിലും ഉയർന്ന താപനിലയിലും സിസ്റ്റത്തെ വിലയിരുത്തുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നു.
സൗദിയുടെ മറ്റു പ്രദേശങ്ങളിലും ലോകമെമ്പാടുമുള്ള സമാനമായ കാലാവസ്ഥാ പരിതസ്ഥിതികളിലും ഈ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഈ പരീക്ഷണം പ്രധാനപ്പെട്ട ഉൾക്കാഴ്ചകൾ നൽകും. ദേശീയ തലത്തിൽ കാലാവസ്ഥ, കാർബൺ മാനേജ്മെൻറ് തന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ ഒരു പ്രധാന സംഭാവന നൽകിയ കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻററിൽ ഈ യൂനിറ്റ് സ്ഥാപിച്ചത് രാജ്യത്തെ ഊർജ്ജ മേഖലയിലെ ഒരു പ്രമുഖ സ്ഥാപനമെന്ന് നിലയിൽ കേന്ദ്രത്തിന്റെ പങ്കിനെ പ്രതിഫലിപ്പിക്കുന്നു. കാർബൺ പിടിച്ചെടുക്കൽ, സാങ്കേതിക, സാമ്പത്തിക മോഡലിങ്, കാലാവസ്ഥാനയ വിശകലനം എന്നിവയിൽ കിങ് അബ്ദുല്ല പെട്രോളിയം പഠന ഗവേഷണകേന്ദ്രത്തിന് വിപുലമായ പരിചയമുണ്ട്. അതിനാൽ ഈ പരീക്ഷണത്തിന് അനുയോജ്യമായ പങ്കാളിയായി ഇത് മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.