ബഷീർ രാമപുരം
റിയാദ്: സാമൂഹിക സാംസ്കാരിക പ്രവർത്തകനും തനിമ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ ബഷീർ രാമപുരം പ്രവാസത്തോട് വിടപറയുന്നു. 20 വർഷമായി മക്ക, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിൽ ബിൻലാദൻ, വെറ്റോണിറ്റ് എന്നീ മൾട്ടിനാഷനൽ കമ്പനികളിൽ ജോലി ചെയ്തുവരുകയായിരുന്നു. സംഘാടകൻ, പ്രഭാഷകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവാസി സമൂഹത്തിലെ യുവാക്കൾക്കിടയിലും മുതിർന്നവർക്കിടയിലും നല്ല സ്വാധീനമുണ്ടാക്കിയെടുക്കാൻ രണ്ടു പതിറ്റാണ്ടിനിടയിലെ പ്രവർത്തനംകൊണ്ട് കഴിഞ്ഞു. നിതാഖാത്, കോവിഡ് കാലങ്ങളിൽ യൂത്ത് ഇന്ത്യ, തനിമ കലാസാംസ്കാരിക വേദി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. റിയാദിലെ ഫൂത്ത പാർക്കിൽ മാസങ്ങളോളം തമ്പടിച്ച അനധികൃത കുടിയേറ്റക്കാർക്ക് മാനുഷിക സേവനങ്ങൾ നൽകുന്നതിൽ മുന്നിൽനിന്നും പ്രവർത്തിച്ചു. ഗായകനും സഹൃദയനുമായ കലാകാരൻകൂടിയാണ് അദ്ദേഹം. ശ്രുതിമധുരമായ ഈണത്തിൽ ഖുർആൻ വായിക്കുന്നതിൽ ഉന്നത നിലവാരം പുലർത്തിയിരുന്നു. പരന്നുകിടക്കുന്ന സൗഹൃദങ്ങളും ആഴത്തിലുള്ള പരസ്പര ബന്ധങ്ങളും അദ്ദേഹം സൂക്ഷിച്ചിരുന്നു. ജിദ്ദ രാമപുരം പ്രവാസി സംഘം സ്ഥാപക ഭാരവാഹി, യൂത്ത് ഇന്ത്യ റിയാദ് ചാപ്റ്റർ പ്രസിഡന്റ്, യൂത്ത് ഇന്ത്യ അഖില സൗദി ജനറൽ സെക്രട്ടറി, തനിമ റിയാദ് സൗത്ത് പ്രസിഡന്റ്, തനിമ സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശബ്നയാണ് ഭാര്യ. അലാ ഫഹ്മി, അമൽ ബിഷർ, അലൻ സാബിക് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.