മിഠായി മധുരമുള്ള സ്വാതന്ത്ര്യ ദിനം ജിപ്സി മോൾ സ്വാതന്ത്ര്യ ദിനം എന്ന് കേൾക്കുമ്പോൾതന്നെ മനസ്സിലേക്ക് ഓടി എത്തുന്നത് എൻെറ സ്കൂൾ ഓർമകളാണ്. വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഇന്ത്യൻ പതാകയും കൈകളിലേന്തി വരിവരിയായി സ്കൂൾ അങ്കണത്തിൽനിന്നും പുറപ്പെട്ട് ടൗൺവരെയും അവിടുന്ന് തിരിച്ച് സ്കൂളിലേക്കുമുള്ള മാർച്ച്പാസ്റ്റും അതിനുശേഷം നടക്കുന്ന പൊതുയോഗവും എല്ലാം ഓർമകളിൽ ഇന്നും തങ്ങിനിൽക്കുന്നു. പൊതുയോഗത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രിൻസിപ്പാളിൻെറ വാക്കുകൾ വിദ്യാർഥികളായ ഞങ്ങളെ സംബന്ധിച്ച് ഒരു പ്രത്യേക അനുഭൂതിയായിരുന്നു. അദ്ദേഹത്തിൻെറ വാക്കുകളിൽ നിറഞ്ഞുനിന്ന സ്വതന്ത്ര ഇന്ത്യയും സ്വാതന്ത്ര്യ സമര വീര സേനാനികളും കുട്ടികൾ ആയിരുന്ന ഞങ്ങളുടെ മനസ്സിൽ സൃഷ്ടിച്ചത് അഭിമാനവും സന്തോഷവും കലർന്ന സുന്ദര നിമിഷങ്ങളായിരുന്നു. ഒട്ടിച്ചുവെച്ച പപ്പടത്തിൽ തൻെറ കോലൻ മുടി മറച്ചും, കൈകളിൽ വടി പിടിച്ചും അൽപം കൂനിനിൽക്കുന്ന സഹപാഠി മഹാത്മാവിൻെറ സ്മരണകളാണ് ഞങ്ങളിൽ നിറച്ചത്. പൊതുയോഗത്തിനു ശേഷമുള്ള മിഠായി വിതരണം ഇന്നും ഞങ്ങളുടെ സ്വാതന്ത്ര്യ ദിന ഓർമകൾക്ക് മാധുര്യം കൂട്ടുന്നു. ഞങ്ങളിലെ കുസൃതികൾ അതിൻെറ തീവ്രതയിൽ എത്തുന്ന ദിനവും കൂടിയായിരുന്നു അത്. എത്ര വലിയ കുസൃതികാട്ടിയാലും അന്ന് ഞങ്ങളെ വഴക്കുപറയാൻ കഴിയാതെ നിസ്സഹായരായി നോക്കിനിൽക്കുന്ന അധ്യാപകർ കുസൃതി വീരന്മാർ /വീരത്തികൾ ആയ ഞങ്ങളുടെ മനസ്സിൽ ഇന്നുമുണ്ട്. സ്വപ്നം കാണുന്നവരാകാം സിന്ധു ദിനേഷ് 'ഭാരതമെന്നു പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ' ഓരോ പൗരൻെറയും സിരകളിൽ ഓടുന്ന രക്തത്തിൽ അലിഞ്ഞു ചേരേണ്ട വികാരമാണ് ദേശസ്നേഹമെന്ന് വള്ളത്തോളിൻെറ ഇൗ വരികൾ പറയുന്നു. ഇന്ന് ആഗസ്റ്റ് 15. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഒരു വയസ്സ് കൂടിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ പോരാട്ടമാണ് നമ്മുടെ സ്വാതന്ത്ര്യ സമരം. പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിൻെറ മാനവും സ്വാതന്ത്ര്യവും എന്നു ചിന്തിച്ച ഒരു തലമുറ ജീവൻ പണയം െവച്ച് പൊരുതി നേടിയ സ്വാതന്ത്ര്യം ആണ് ഇന്നു നാം അനുഭവിക്കുന്നത്. ഗാന്ധിജി, നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ്, ഗോപാലകൃഷ്ണ ഗോഖലെ, ഭഗത് സിങ് തുടങ്ങി ഒട്ടേറെ ദേശാഭിമാനികൾ തങ്ങളുടെ ജീവനും ജീവിതവും സമർപ്പിച്ചു കരുത്തരായ ബ്രിട്ടീഷ് ഭരണകൂടത്തെ അഹിംസയുടേയും സഹനത്തിൻെറയും പാതയിലൂടെ നേരിട്ട് നേടിത്തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. അതിനെ ജാതി, മതം, വർഗം, വർണം, ദേശം, ഭാഷ എന്നിവയിലൂടെ ഭിന്നിപ്പിക്കുമ്പോൾ നിരർഥകമാകുന്നത് ഓരോ സ്വാതന്ത്ര്യസമര സേനാനിയുടെയും സ്വപ്‌നങ്ങൾ ആണ്. 'ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത'എന്നതാണ് നമ്മുടെ ആപ്ത വാക്യം. നാനാത്വത്തിൽ ഏകത്വമാണ് നമ്മെ ഭാരതീയനാക്കുന്നത്. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും ഒരേ മനസ്സോടെ ജീവിക്കുന്നു. പല ഭാഷകളും പല ആചാരങ്ങളും. അങ്ങനെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ പറ്റാത്ത എന്തെല്ലാം വൈവിധ്യപൂർണമായ കാര്യങ്ങളാണ് നമുക്കുള്ളത്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന സ്വാതന്ത്ര്യത്തിൻെറ മന്ത്രം ലോകത്തിന് സംഭാവന ചെയ്ത നാം ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതുകൊണ്ടാണ് നമ്മോടൊപ്പം സ്വാതന്ത്യം നേടിയ പല രാജ്യങ്ങളും പട്ടാള ഭരണത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പു കുത്തുമ്പോഴും ഒരു ലോക ശക്തിയായി ഉയർന്നത്. സ്വാതന്ത്യ ശേഷമുള്ള 74 വർഷങ്ങൾകൊണ്ട് ഭാരതം നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിൽ നാം അതിദൂരം മുന്നിലാണ്. ഡോ. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതു പോലെ; 'സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്‌നങ്ങൾ നമ്മുടെ ചിന്തകൾ ആയി മാറും. ചിന്തകൾ പ്രവൃത്തിയിലേക്കു നയിക്കും'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.