ബദ്ർ യുദ്ധം നടന്ന താഴ്വരയുടെ ദൃശ്യം
യാംബു: ഹിജ്റ രണ്ടാം വർഷം റമദാൻ 17 ഇസ്ലാമിക നാഗരികതയുടെ ഭാഗധേയം നിർണയിക്കപ്പെട്ട ദിനമാണ്. മനുഷ്യചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന ബദ്ർ താഴ്വര യാംബുവിൽ നിന്നും 80 കിലോമീറ്റർ അകലെയാണ്. മുഹമ്മദ് നബിയുടെ നഗരിയായി അറിയപ്പെടുന്ന മദീനയിൽ നിന്ന് 148 കിലോമീറ്റർ ദൂരമുണ്ട്. മലകളാൽ ചുറ്റപ്പെട്ട ബദ്ർ പ്രദേശം ഇന്നും അതിെൻറ പഴമ നിലനിർത്തി സംരക്ഷിക്കപ്പെടുന്നു. ലോകം അന്നോളം അംഗീകരിച്ചുപോന്ന ചില സമവാക്യങ്ങൾ പൊളിച്ചെഴുതിയ ബദ്ർ എന്ന ഉജ്ജ്വല പോരാട്ടത്തിന് സാക്ഷിയായ സന്ദർഭം ലോകമെങ്ങുമുള്ള മുസ്ലിംകൾ എന്നും സ്മരിക്കുന്നു.
അബൂജഹ്ൽ എന്ന പേരിലറിയപ്പെടുന്ന അംറുബ്നു ഹിഷാമിെൻറ നേതൃത്വത്തിലുള്ള അസത്യത്തിെൻറ ദുശ്ശക്തികളും മുഹമ്മദ് നബി നേതൃത്വം കൊടുത്ത സത്യവാഹക സംഘവും 1440 വർഷം മുമ്പ് ബദ്റിെൻറ രണഭൂമിയിൽ ഏറ്റുമുട്ടി. 313 പോരാളികൾ ആയിരം പടയാളികളെ ആധികാരികമായി പരാജയപ്പെടുത്തി. ആധുനിക കാലത്തായിരുന്നുവെങ്കിൽ അട്ടിമറി വിജയമെന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നു. കേവലം അട്ടിമറി വിജയമായിരുന്നില്ല ബദ്ർ. ആത്മാർഥമായ ത്യാഗ സമർപ്പണത്തിെൻറ അനിവാര്യമായ വിജയമായിരുന്നു. സത്യത്തിനുവേണ്ടി മണ്ണിൽ പോരാടുന്നവർക്ക് വിണ്ണിൽ നിന്നും സഹായമിറങ്ങും എന്ന മഹിതമായ ഓർമപ്പെടുത്തലാണ് ഓരോ റമദാൻ 17ഉം വിശ്വാസികൾക്ക് പകർന്നുനൽകുന്നത്. ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ മറികടക്കുന്നവർക്ക് വിജയിക്കാനാവുമെന്ന സന്ദേശം കൂടി കോവിഡ് മഹാമാരിക്കാലത്ത് ബദ്ർ പോരാട്ട ചരിത്രം വിശ്വാസികളെ ഓർമപ്പെടുത്തുന്നു.
ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ട ഈ സംഭവത്തിെൻറ ചരിത്ര ശേഷിപ്പുകൾ കാണാൻ ഇപ്പോൾ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബദ്ർ രക്തസാക്ഷികളുടെ ഖബറിടങ്ങളുടെ ചാരത്ത് ചെല്ലാൻ സന്ദർശകർക്ക് അടുത്തകാലം വരെ അനുവാദം നൽകിയിരുന്നു. വിദേശികളായ തീർഥാടകരുടെ അമിത ആവേശവും പുത്തൻ ആചാരങ്ങളും കാരണം ഇപ്പോൾ ചുറ്റുമതിലിന് അടുത്തുനിന്നു മാത്രമേ ബദ്ർ രക്തസാക്ഷികളുടെ ഖബറിടങ്ങൾ കാണാൻ സാധിക്കൂ. സൗദിയിലുള്ള ആളുകൾ അവധി ദിനങ്ങളിലും മറ്റും ബദ്ർ സന്ദർശനം നടത്തുന്നു.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഖബ്റുകൾ ഇവിടെ ഉണ്ട്. ബദ്റിൽ രക്തസാക്ഷികളായ പതിനാല് വീര സേനാനികളുടെ പേരുവിവരങ്ങൾ പ്രത്യേക ഫലകത്തിൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അസത്യത്തിന് മേൽ നേടിയ വലിയ വിജയത്തിെൻറ ദീപ്ത സ്മരണകൾ അയവിറക്കാനാണ് വിശ്വാസികൾ ഇവിടെയെത്തുന്നത്. ബദ്ർ ബിൻ യഖ്ലദ് ഇബ്നു നദ്ർ എന്നയാൾ ബദ്ർ സംഭവത്തിന് മുമ്പുതന്നെ ഈ പ്രദേശത്ത് താമസിച്ചിരുന്നതിനാൽ അദ്ദേഹത്തിെൻറ പേരിലേക്ക് ചേർത്താണ് ഈ പേര് ലഭിച്ചതെന്നാണ് അറബി ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
മുഹമ്മദ് നബിയുടെ ചരിത്രത്തിന് മുമ്പുതന്നെ ഈ പ്രദേശം പ്രശസ്തമായിരുന്നു. അക്കാലത്ത് അറബികളുടെ പ്രധാന ചന്തകളിലൊന്നു കൂടിയായിരുന്നു ബദ്ർ. ജല സാന്നിധ്യത്തിലും ഇവിടെ അന്ന് പ്രസിദ്ധമായിരുന്നു. മക്കയിൽ നിന്ന് ശാമിലേക്ക് (സിറിയ) പോയിരുന്ന കച്ചവടസംഘങ്ങളുടെ വഴിയിലെ ഇടത്താവളവും ചെങ്കടലിലെ പഴയ തുറമുഖ നഗരിയായ യാംബുവിലേക്കുള്ള വഴിയും കൂടിയായിരുന്നു ബദ്ർ. വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിച്ച പ്രദേശം കൂടിയാണ് ബദ്ർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.