പ്രവാസി വെൽഫെയർ ജുബൈൽ വനിത ഘടകം ബോധവത്കരണ പരിപാടിയിൽ പ്രസിഡന്റ് ഫാസില റിയാസ് സംസാരിക്കുന്നു
ജുബൈൽ: പ്രവാസി വെൽഫെയർ ജുബൈൽ വനിതാഘടകം ‘ലഹരിയുടെ സ്വാധീനവും മോഡേൺ പാരന്റിങ്ങും’ എന്ന തലക്കെട്ടിൽ വനിതകൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും സോഫ്റ്റ് സ്കിൽ ട്രെയ്നറുമായ റുഷ്ന ‘മോഡേൺ പാരന്റിങ്’ എന്ന വിഷയത്തിലും ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക സാറബായ് സൈഫുദ്ദീൻ ‘ലഹരിയുടെ സ്വാധീനം’ എന്ന വിഷയത്തിലും സെഷനുകൾ നയിച്ചു. നിരവധി വനിതകൾ പരിപാടിയിൽ പങ്കെടുത്തു.
ലഹരിയുടെ കെടുതികൾ സമൂഹത്തിൽ പ്രത്യേകിച്ച് യുവതലമുറയിൽ വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആധുനിക രക്ഷാകർതൃത്വം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും സദസിൽ ചർച്ച നടന്നു. ലഹരിയെ ചെറുക്കാൻ നിയമങ്ങൾ മാത്രം മതിയാകില്ലെന്നും ഓരോ കുടുംബവും ഓരോ രക്ഷിതാവും അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഓരോ കുട്ടിയും സുരക്ഷിതമായി വളർന്നുവരുന്ന ഒരു നല്ല നാളേക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനത്തോടെയാണ് പരിപാടി സമാപിച്ചത്.
ജുബൈൽ റീജ്യൻ വനിത ഘടകം പ്രസിഡന്റ് ഫാസില റിയാസ് അധ്യക്ഷതവഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് മങ്ങാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് 79 അഖില സൗദി ടോസ്റ്റ് മാസ്റ്റർ കോൺഫറൻസ് (സറ്റാക് 2025) പ്രസംഗ മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ മെഹ്നാസിനെ ചടങ്ങിൽ ആദരിച്ചു. ഒ.ഐ.സി.സി വനിത വിങ് ദമ്മാം റീജനൽ പ്രസിഡന്റ് ലിബി ജെയിംസ്, തനിമ സാംസ്കാരിക വേദി വനിതാവിഭാഗം പ്രസിഡന്റ് സമീന മലുക് എന്നിവർ സംസാരിച്ചു. സഫ മലുക് അവതാരകയായിരുന്നു. ഷബിന ജബീർ സ്വാഗതവും ഷിബിന മക്കാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.