ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഏറ്റെടുത്ത സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ആതുരാലയമായ പ്രോകെയർ ഹോസ്പിറ്റൽ
റിയാദ്: ജിസിസിയിലെ പ്രമുഖ ആരോഗ്യ പരിചരണ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സൗദി അറേബ്യയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. അബ്ദുൽ റഹ്മാൻ സ്വാലിഹ് അൽ റജ്ഹി ആൻഡ് പാർട്ണേഴ്സ് കമ്പനി ഗ്രൂപ്പുമായി ചേർന്നുള്ള സംയുക്ത സംരംഭത്തിലൂടെ കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ഹോസ്പിറ്റലിെൻറ ഭൂരിഭാഗം ഓഹരികളും ആസ്റ്റർ ഗ്രൂപ്പ് ഏറ്റെടുത്തു.
ഇതോടെ പ്രോകെയർ ആശുപത്രി ആസ്റ്ററിെൻറ ജിസിസി ശൃംഖലയുടെ ഭാഗമായി മാറി. രാജ്യത്ത് ആകെ കിടക്കകളുടെ ശേഷി 500 ലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി, പുതിയ ആശുപത്രിയുടെ ശേഷി 209 കിടക്കകളായി വർദ്ധിപ്പിക്കാനും ആസ്റ്റർ പദ്ധതിയിടുന്നു. ആഗോള നിലവാരത്തിലുള്ള അത്യാധുനിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ സൗദി വിഷൻ 2030 പദ്ധതികൾക്ക് പിന്തുണ നൽകുക കൂടിയാണ് ഈ നീക്കത്തിലൂടെ ആസ്റ്റർ ലക്ഷ്യമിടുന്നത്.
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകൾ അബ്ദുൽ റഹ്മാൻ സ്വാലിഹ് അൽ റജ്ഹി ആൻഡ് പാർട്ണേഴ്സ് കമ്പനി പ്രതിനിധി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് കൈമാറുന്നു
2009-ൽ സ്ഥാപിതമായ പ്രോകെയർ ആശുപത്രി നിലവിൽ മെഡിക്കൽ-സർജിക്കൽ സ്പെഷ്യാലിറ്റികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, കാർഡിയോളജി, ഓർത്തോപീഡിക്സ്, എമർജൻസി കെയർ, രോഗനിർണയം എന്നിവയുൾപ്പെടെ സമഗ്രമായ പരിചരണം നൽകുന്ന ഒന്നാണ്. ആസ്റ്ററിെൻറ നിക്ഷേപത്തോടെ കൂടുതൽ സ്പെഷ്യാലിറ്റികളും അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളും ഇവിടെ ലഭ്യമാകും.
നിലവിലുണ്ടായിരുന്ന 100 കിടക്കകളിൽ നിന്നും 60 ക്രിട്ടിക്കൽ കെയർ കിടക്കകളും ഏഴ് ഓപ്പറേഷൻ തിയേറ്ററുകളും ഉൾപ്പെടെ ആശുപത്രിയുടെ ശേഷി 209 കിടക്കകളായി ഉയർത്തും. സുഹൈമി ഡിസൈൻ തയ്യാറാക്കിയ വിപുലീകരണ രൂപരേഖയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹൃദ്രോഗ-നാഡീരോഗ ചികിത്സകൾ മെച്ചപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുള്ള ഫിലിപ്സ് കാർഡിയാക് കത്തീഡറൈസേഷൻ ലബോറട്ടറി (കാത്ത് ലാബ്) ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ, മെറ്റാ ബിൽഡ് കമ്പനിയുടെ നേതൃത്വത്തിൽ എമർജൻസി വിഭാഗം നവീകരണവും, അമാക്യു കമ്പനിയുമായി ചേർന്ന് ആശുപത്രിയുടെ മറ്റ് വിപുലീകരണ ജോലികളും പുരോഗമിക്കുകയാണ്. ക്ലിനിക്കൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ‘മൈ ആസ്റ്റർ’ പോലുള്ള ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമുകളും ഇവിടെ നടപ്പാക്കും.
പുതിയ പങ്കാളിത്തം ആസ്റ്ററിെൻറ സൗദിയിലെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 2011 മുതൽ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിലൂടെ സൗദിയിലെ ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ ആസ്റ്ററിന് സാധിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലേക്കുള്ള ഈ പുതിയ ചുവടുവെപ്പ് സൗദി ഭരണകൂടത്തിെൻറ വിഷൻ 2030 പദ്ധതിയിലുള്ള തങ്ങളുടെ വിശ്വാസ്യതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയുടെ തന്ത്രപ്രധാനമായ സ്ഥാനവും മികച്ച ചികിത്സാ അടിത്തറയും രോഗീകേന്ദ്രീകൃതമായ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ വ്യക്തമാക്കി. ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരവും സുസ്ഥിരതയും വർദ്ധിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അവർ പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലെ ചികിത്സാ മികവ് ഉയർത്താൻ ഈ ലയനം സഹായിക്കുമെന്ന് സൗദി അറേബ്യയിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സിഇഒ മുഹമ്മദ് അൽ ഷമ്മാരിയും, ആസ്റ്ററിെൻറ ആഗോള വൈദഗ്ധ്യം പ്രോകെയർ ആശുപത്രിയെ ഭാവിയിലെ മികച്ച ഒരു ആരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് തുർക്കി അൽ റാജ്ഹിയും പ്രത്യാശ പ്രകടിപ്പിച്ചു.
1987-ൽ ഡോ. ആസാദ് മൂപ്പൻ തുടക്കം കുറിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ നിലവിൽ ജിസിസിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ശൃംഖലകളിൽ ഒന്നാണ്. 15 ആശുപത്രികൾ, 124 ക്ലിനിക്കുകൾ, 333 ഫാർമസികൾ എന്നിവയും വിപുലമായ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമുകളും ആസ്റ്ററിന് കീഴിലുണ്ട്. കിഴക്കൻ പ്രവിശ്യയിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കുകയാണ് ആസ്റ്റർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.