ഏഷ്യയിലെ ഏറ്റവും മൂല്യമുള്ള ടീമുകൾ: നാല് സൗദി ഫുട്ബാൾ ക്ലബുകൾ ആദ്യ സ്ഥാനങ്ങളിൽ

സാദിഖലി തുവ്വൂർ

ജിദ്ദ: വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏഷ്യയിലെ ഏറ്റവും മൂല്യമുള്ള ടീമുകളുടെ പട്ടികയിൽ നാല് സൗദി ഫുട്ബാൾ ക്ലബുകൾ ആദ്യസ്ഥാനങ്ങളിൽ. 'ട്രാൻസ്ഫർമാർക്ക് വെബ്‌സൈറ്റ്' പുറത്തുവിട്ട കണക്കുപ്രകാരമാണ് രാജ്യത്തെ നാല് ഫുട്ബാൾ ക്ലബുകൾ ഈ നേട്ടം കൊയ്തത്.

6.4 കോടി യൂറോ മൂല്യമുള്ള ഏഷ്യയിലെ വിലയേറിയ ക്ലബായി സൗദി പ്രഫഷനൽ ലീഗ് ക്ലബായ അൽ-നാസർ പട്ടികയിൽ ഒന്നാമതെത്തി. ഐവറി കോസ്റ്റ് ലെഫ്റ്റ് ബാക്ക് ഗിസ് ലൈൻ കോനൻ, കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിന എന്നിവരുമായി അടുത്തിടെ ക്ലബ് ഉണ്ടാക്കിയ കരാർ പ്രകാരമാണ് ക്ലബിന്റെ വിപണിമൂല്യം ഉയർന്നത്. കൂടാതെ, ബ്രസീലിയൻ മിഡ് ഫീൽഡർ ലൂയിസ് ഗുസ്താവോയുമായുണ്ടാക്കിയ കരാർ, ക്ലബിലേക്ക് ഏകദേശം 1.3 കോടി യൂറോ മൂല്യം കൂടി ചേർത്തു. ഇത് ടീമിലെ ഏറ്റവും ഉയർന്ന മൂല്യമായി കണക്കാക്കപ്പെടുന്നു.

6.1 കോടി യൂറോ മൂല്യമുള്ള അൽ-ഹിലാൽ ക്ലബാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. സൗദി താരം മുഹമ്മദ് കണ്ണോയുടെ കേസിന്റെ പേരിൽ കരാറിൽനിന്ന് ക്ലബിനെ സസ്പെൻഡ് ചെയ്തതിനാൽ ഇക്കഴിഞ്ഞ സമ്മർ സീസണിൽ ക്ലബ് ഒരു കരാറും ഉണ്ടാക്കിയിരുന്നില്ല. 1.1 കോടി യൂറോ വിപണിമൂല്യമുള്ള ബ്രസീലിയൻ താരം മാത്യൂസ് പെരേരയാണ് അൽ-ഹിലാൽ ക്ലബിലെ ഏറ്റവും വിലപിടിപ്പുള്ള താരം.

3.62 കോടി യൂറോ മൂല്യമുള്ള അൽ-ഇത്തിഹാദ് ക്ലബ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അംഗോളൻ വിംഗർ ഹെൽഡർ കോസ്റ്റയുമായും ഈജിപ്ഷ്യൻ ഡിഫൻസിവ് മിഡ്ഫീൽഡറായ താരിഖ് ഹമീദുമായും ക്ലബ് കരാറിലേർപ്പെട്ടിട്ടുണ്ട്. 60 ലക്ഷം യൂറോയുമായി ബ്രസീലിയൻ സ്‌ട്രൈക്കർ റൊമാരീഞ്ഞോയാണ് ക്ലബിലെ ഏറ്റവും വിലയേറിയ വിപണിമൂല്യമുള്ളവരുടെ പട്ടികയിൽ ഒന്നാമത്.

നിരവധി താരങ്ങളുമായി കരാറുകൾ ഒപ്പിട്ടതിന് ശേഷം 3.56 കോടി യൂറോ മൂല്യമുള്ള അൽ-ശബാബ് ഫുട്ബാൾ ക്ലബാണ് പട്ടികയിലെ നാലാമത്. 80 ലക്ഷം യൂറോയുമായി പോളിഷ് ഡിഫൻസിവ് മിഡ്ഫീൽഡർ ഗ്രെഗോർസ് ക്രൈച്ചോവിയാണ് ക്ലബിലെ ഏറ്റവും വിലയേറിയ താരം. ദക്ഷിണ കൊറിയൻ ഗോൾകീപ്പർ കിം സിയുങ് ഗ്യുവിന് പുറമെ സ്പാനിഷ് താരം സാന്റി മിന, ഗാബോൺ താരം ആരോൺ ബൗപെൻഡ്‌സ എന്നിവരുമായും അൽ-ശബാബ് ക്ലബ് വായ്പയിൽ ഒപ്പുവെച്ചിട്ടുണ്ട്. 3.12 കോടി യൂറോ വിപണിമൂല്യവുമായി സൗദി ഫുട്ബാൾ ടീമായ ഇത്തിഫാഖ് എഫ്.സി ഏഷ്യയിലെ ഏറ്റവും മൂല്യമുള്ള ടീമുകളിൽ ആറാംസ്ഥാനത്തുണ്ട്.

Tags:    
News Summary - Asia's most valuable teams: Four Saudi football clubs top the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.