നിയോം വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ പുതുതായെത്തിച്ച അറേബ്യൻ മാനുകൾ
ജിദ്ദ: നിയോം വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് നാലിനം വന്യമൃഗങ്ങളെക്കൂടി എത്തിച്ചു. വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ മാൻ, കാട്ടാട്, മണൽ മാൻ, മലമാൻ എന്നിവയെയാണ് സംരക്ഷണ കേന്ദ്രത്തിൽ സ്വൈരവിഹാരം നടത്താൻ വിട്ടയച്ചത്.
വന്യജീവികളുടെ പുനരധിവാസ പദ്ധതി ആദ്യഘട്ടത്തിന്റെ ഭാഗമായി നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറുമായി സഹകരിച്ചാണിത്. സുസ്ഥിരത കൈവരിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമുള്ള നിയോമിന്റെ കാഴ്ചപ്പാടിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ്.
ഒരു നൂറ്റാണ്ടിനിടെ ആദ്യമായി അറേബ്യൻ മാനിനെ നിയോം വന്യജീവി സംരക്ഷണ സ്ഥലത്ത് കാണുന്നത് ചരിത്ര നിമിഷമാണെന്ന് നിയോം പ്രകൃതി സംരക്ഷണ മേധാവി ഡോ. പോൾ മാർഷൽ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത നിയോമിന്റെ കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന പ്രാദേശിക ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ദേശീയ വന്യജീവി പുനരുദ്ധാരണ പരിപാടിയുടെ ചട്ടക്കൂടിലാണ് നിയോമുമായുള്ള ഞങ്ങളുടെ പങ്കാളിത്തമെന്ന് നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് സി.ഇ.ഒ ഡോ. മുഹമ്മദ് കുർബാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.