ജിദ്ദ: യമനിൽ സംഖ്യസേന പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ തീരുമാനത്തോട് ഹൂതി കളുടെ ഭാഗത്തുനിന്ന് അനുകൂലവും ഫലപ്രദവുമായ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യമനിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യമനിെല യു.എൻ. സെക്രട്ടറി ജനറലിെൻറ ദൂതൻ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാനും സൈനിക നടപടികൾ മാറ്റിനിർത്തി കോവിഡ് 19 പ്രതിരോധ നടപടികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ലക്ഷ്യമിട്ടാണ് സംഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഹൂതികൾ ഇൗ അവസരം ഉപയോഗപ്പെടുത്തുമെന്നും യമൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 40 വർഷമായി സഹോദര രാജ്യമായ യമനെ സഹായിക്കുന്നതിൽ മുൻനിരയിൽ സൗദി അറേബ്യയുണ്ട്. ഇൗ സാഹചര്യത്തിൽ യമനുള്ള സഹായം തുടരുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യമൻ ജനതയുടെ ആരോഗ്യസുരക്ഷക്കും ജീവെൻറ സംരക്ഷണത്തിനും അതിപ്രാധാന്യവും പരിഗണനയും നൽകുന്നതിനാൽ ആ രാജ്യത്തിനുവേണ്ടി െഎക്യരാഷ്ട്ര സഭയിൽ സഹായം നൽകുന്നത് തുടരുകയാണ്. യമനിലെ യു.എന്നിെൻറ മാനുഷിക സേവന പദ്ധതികൾക്ക് 500 ദശലക്ഷം ഡോളർ ഇതിനകം സംഭാവന നൽകിയിട്ടുണ്ട്. ഇതിനുപുറമെ കോവിഡിനെ നേരിടാൻ 25 ദശലക്ഷം ഡോളർ വേറെയും നൽകിയതായും വിദേശകാര്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.