റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ പ്രത്യേക വിലക്കിഴിവ് ആരംഭിക്കും. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 26 വരെ 54 ദിവസത്തേക്ക് ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് നൽകാനാണ് സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. റമദാൻ വിപണി ലക്ഷ്യമിട്ടുള്ള ഓഫർ പ്രഖ്യാപനത്തിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
ഉപഭോക്താക്കളെ നേരത്തെ ഷോപ്പിങ് നടത്താനും അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളിൽ തിരക്ക് ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. റമദാനിലെ നോമ്പുതുറ വിഭവങ്ങൾ മുതൽ ഈദ് ആഘോഷങ്ങൾക്കുള്ള അവശ്യവസ്തുക്കൾ വരെ വിലക്കിഴിവിൽ ലഭ്യമാക്കാനാണ് അനുമതി. റീട്ടെയിൽ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും ഒരുപോലെ ഈ ആനുകൂല്യങ്ങൾ നൽകാം.
ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസകരമാകും വിധം പെരുന്നാളിന് ശേഷവും ഓഫറുകൾ തുടരുന്ന രീതിയിലാണ് അനുമതി നൽകിയിരിക്കുന്നത്. വ്യാജ ഡിസ്‌കൗണ്ടുകൾ തടയാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും മന്ത്രാലയം കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സ്ഥാപനങ്ങൾ ഓൺലൈൻ വഴി ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം.
സ്റ്റോറുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈസൻസിലെ ബാർകോഡ്/ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ഓഫറുകളുടെ നിയമസാധുത ഉപഭോക്താക്കൾക്ക് തന്നെ പരിശോധിക്കാം. ഡിസ്‌കൗണ്ട് ശതമാനം, കാലാവധി, ഉൽപ്പന്നങ്ങളുടെ തരം എന്നിവ ഈ സ്കാനിങ്ങിലൂടെ സ്മാർട്ട്‌ഫോണിൽ ലഭ്യമാകും വിധം സംവിധാനം ഒരുക്കണം. വാണിജ്യ സ്ഥാപനങ്ങൾ കൃത്യമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദിയുടെ എല്ലാ ഭാഗങ്ങളിലും മന്ത്രാലയം പ്രത്യേക പരിശോധനകളും നിരീക്ഷണവും നടത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.