ആഗോള വ്യോമയാന ഭൂപടത്തിൽ വിസ്മയമായി സൗദി; 2025-ൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് കുതിപ്പ്

ജിദ്ദ: ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായി സൗദി അറേബ്യ മാറുന്നു. 2025-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, മുൻവർഷത്തേക്കാൾ 9.6 ശതമാനം വളർച്ചയോടെ 14.09 കോടി യാത്രക്കാരാണ് സൗദിയിലെ വിവിധ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത്. വിനോദസഞ്ചാര മേഖലയിലെ വൻ ഉണർവും രാജ്യം ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര പരിപാടികളും ഈ മുന്നേറ്റത്തിന് കരുത്തുപകർന്നു.

മൊത്തം യാത്രക്കാരിൽ 7.6 കോടി പേർ അന്താരാഷ്​ട്ര യാത്രക്കാരാണെന്നത് രാജ്യത്തി​ന്റെ വർധിച്ചുവരുന്ന ആഗോള സ്വാധീനം വെളിപ്പെടുത്തുന്നു. 9,80,400 വിമാന സർവിസുകളുമായി സർവിസ് നിരക്കിലും 8.3 ശതമാനത്തി​ന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം തന്നെ അവയുടെ ശേഷിക്കും അപ്പുറമുള്ള തിരക്കാണ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്. ജിദ്ദ കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളം 38 ശതമാനം യാത്രക്കാരുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളം 29 ശതമാനം യാത്രക്കാരെ സ്വീകരിച്ച് തൊട്ടുപിന്നിലുണ്ട്. മദീന, ദമ്മാം വിമാനത്താവളങ്ങളും ചരിത്രപരമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര തലത്തിൽ 176 കേന്ദ്രങ്ങളുമായി നേരിട്ടുള്ള വ്യോമബന്ധം സ്ഥാപിക്കാൻ സൗദിക്ക് സാധിച്ചു.

ആഗോളതലത്തിലെ തിരക്കേറിയ റൂട്ടുകളിൽ രണ്ടാം സ്ഥാനത്തുള്ള ‘കെയ്‌റോ-ജിദ്ദ’ റൂട്ടും ഏഴാം സ്ഥാനത്തുള്ള ‘ദുബായ്-റിയാദ്’ റൂട്ടും സൗദിയുടെ വ്യോമയാന കരുത്തിന്റെ അടയാളങ്ങളാണ്. കേവലം യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, 11.8 ലക്ഷം ടൺ ചരക്ക് നീക്കം നടത്തിക്കൊണ്ട് കാർഗോ മേഖലയിലും മികച്ച സ്ഥിരത പുലർത്താൻ രാജ്യത്തിനായി. ആഗോള വ്യോമയാന ഭൂപടത്തിൽ ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ട്, ഭാവിയിലേക്കുള്ള കവാടമായി സൗദിയിലെ വിമാനത്താവളങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് ഈ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത്.

Tags:    
News Summary - Record jump in passenger numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.