റിയാദ്: ജന്മനാട്ടിൽ പ്രിയപ്പെട്ടവരുടെ അടുത്തെത്താനും രോഗശാന്തിക്ക് വിദഗ്ധ ചികിത്സ തേടാനും കഴിയാതെ അമീർ ആലം ഒടുവിൽ കണ്ണടച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് രണ്ട് മാസമായി ഗുരുതരാവസ്ഥയിലായിരുന്നിട്ടും തൊഴിലുടമയുടെ നിസ്സഹകരണം മൂലമാണ് നാട്ടിലേക്കുള്ള വഴിയടഞ്ഞത്. മലയാളി സാമൂഹിക പ്രവർത്തകർ നാട്ടിലയക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്. റിയാദ് ദല്ല ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഗോപാൽ ഗഞ്ച് താവേ ബേദു തോല ഗ്രാമവാസിയാണ് ഇൗ 61 കാരൻ. 33 വർഷമായി റിയാദിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ മേശനായിരുന്നു. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി നാലുവർഷം മുമ്പ് ഉടമയുടെ മരണത്തെ തുടർന്ന് അനാഥാവസ്ഥയിലായി. മക്കൾ ഭരണം ഏറ്റെടുത്തെങ്കിലും ഒരു വർഷം മുമ്പ് പ്രവർത്തനം താളം തെറ്റി. ജീവനക്കാരുടെ ശംബളം മുടങ്ങി.
ഇതിനിടയിലാണ് അമീർ ആലമിന് രോഗം പിടിപെട്ടത്. ഒരു വർഷം മുമ്പ് േരാഗബാധയുണ്ടായതെങ്കിലും രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രോഗം ബ്രെയിൻ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. ശുമൈസി ആശുപത്രിയിൽ 15 ദിവസം ചികിത്സിച്ചു. ആരോഗ്യനിലയിൽ പുരോഗതി ദൃശ്യമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. തുടർന്ന് കമ്പനി വക താമസസ്ഥലത്ത് കഴിയുകയായിരുന്നു. ഇതിനിടെ നാട്ടിൽ കൊണ്ടുപോകാൻ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡൻറ് റാഫി പാങ്ങോടിെൻറ നേതൃത്വത്തിൽ ശ്രമം തുടങ്ങി. എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞത് ഉൾപ്പെടെ പല നിയമ തടസ്സങ്ങളുമുണ്ടായി. കമ്പനിയധികൃതരുടെ നിസ്സഹകരണം മൂലം ഇൗ കുരുക്കുകൾ അഴിക്കാനും കഴിഞ്ഞില്ല. അതിനിടെ 14 ദിവസം മുമ്പ് രോഗം വീണ്ടും മൂർഛിച്ചു. ദല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവിടെ ചികിത്സ നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ദല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സുലേഖ ഖാത്തൂം മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം മലയാളി സാമൂഹിക പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡൻറ് ലൈജു, വിജയകുമാർ, രതീഷ് കുമാർ തുടങ്ങിയവരും സഹായവുമായി രംഗത്തുണ്ട്. അമീർ ആലമിന് മൂന്നു മക്കളാണ്. രണ്ട് ആൺമക്കളുടെ വിവാഹം കഴിഞ്ഞു. ഒരു മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.