അലവി ആറുവീട്ടിൽ

ജിദ്ദയിൽ ദീർഘകാലം സാമൂഹിക പ്രവർത്തകനായിരുന്ന അലവി ആറുവീട്ടിൽ നാട്ടിൽ മരിച്ചു

ജിദ്ദ: നാല് പതിറ്റാണ്ട് കാലം ജിദ്ദയിൽ സാമൂഹിക, സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അലവി ആറുവീട്ടിൽ (70) നാട്ടിൽ നിര്യാതനായി. കാൻസർ സംബന്ധമായ അസുഖത്തിന് കുറച്ചു നാളുകളായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം. ഭാര്യ: ഉസ്നാബി, മക്കൾ: യാസിൻ, യാസിഫ്, മറിയം. മരുമക്കൾ: സെഹ്‌റാൻ ഹുസ്സൈൻ സുഹൈൽ, ഹൈഫ അബ്ദുൽ നാസർ, നൂറൈൻ അഹമ്മദ്. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയിൽ നടക്കും.

ജിദ്ദയിൽ ദീർഘ കാലം അത്താർ ട്രാവൽസ് ഓപ്പറേഷൻ മാനേജറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കോൺഗ്രസ്‌ പാർട്ടിയുടെ പ്രവാസി ഘടകത്തിന് വിത്ത്‌ പാകിയവരിൽ പ്രധാനിയായിരുന്നു. ഇന്ന് വിവിധ ഗൾഫ് നാടുകളിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി എന്ന കോൺഗ്രസ് പോഷക സംഘടനയുടെ തുടക്കം ഐ.സി.സി എന്ന സംഘടനയിൽ നിന്നായിരുന്നു. ഐ.സി.സി സംഘടന രുപീകരിച്ച സമയം മുതൽ ശരീരികമായും സമ്പത്തികമായും സഹായിച്ച മഹത്‌ വ്യക്തിയായിരുന്നു അലവി ആറുവീട്ടിൽ.

നിലവിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി, വണ്ടുർ സഹ്യ പ്രവാസി കോ-ഒപ്പറേറ്റിവ് സെസൈറ്റി എന്നിവയിൽ അംഗമാണ്. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജനറൽ സെക്രട്ടറി, ട്രഷറർ, ആക്ടിംഗ് പ്രസിഡന്റ് എന്നീ പദവികളും ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ആക്ടിംഗ് ചെയർമാൻ, എം.ഇ.എസ് ജിദ്ദ ചാപ്റ്റർ ഭാരവാഹി പദവികളും വഹിച്ചിരുന്നു. കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളി കൂടിയായിരുന്നു ഇദ്ദേഹം. 2019 ജൂൺ മാസമാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. അലവി ആറുവീട്ടിലിന്റെ നിര്യാണത്തിൽ ജിദ്ദയിലെ വിവിധ സംഘടനാ നേതാക്കൾ അനുശോചനം അറിയിച്ചു.

എം.ഇ.എസ് ജിദ്ദ ചാപ്റ്റർ, ഹജ്ജ് വെൽഫെയർ ഫോറം സംഘടനകൾ അനുശോചിച്ചു 

അലവി ആറുവീട്ടിലിന്റെ നിര്യാണത്തിൽ എം.ഇ.എസ് ജിദ്ദ ചാപ്റ്റർ അനുശോചിച്ചു. എം.ഇ.എസ് ജിദ്ദ ചാപ്റ്റർ രൂപീകരണം മുതൽ പ്രവാസം അവസാനിപ്പിക്കുന്നതുവരെ സജീവമായി പ്രവർത്തന മേഖലയിൽ അദ്ദേഹം സജീവമായിരുന്നതായും വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ എം.ഇ.എസ് ടാലന്റ്ഹണ്ടിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും ഭാരവാഹികൾ അനുസ്മരിച്ചു.

നാലു പതിറ്റാണ്ടോളം ജിദ്ദയിൽ സജീവ സാന്നിധ്യമായിരുന്ന അലവി ആറുവീട്ടിലിന്റെ നിര്യാണത്തിൽ ഹജ്ജ് വെൽഫെയർ ഫോറം അനുശോചിച്ചു. സൗമ്യതയുടെയും സമന്വയത്തിന്റേയും ആൾരൂപമായിരുന്നു അദ്ദേഹമെന്ന് ഹജ്ജ് വെൽഫെയർ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - alavi aaruveettil died jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.