റിയാദ്: നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വമ്പന്മാരായ അൽ നാസർ തങ്ങളുടെ 11-ാമത് സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കി. സീസണിലെ ആവേശകരമായ അവസാന മത്സരത്തിൽ ദാമക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് 2019-ന് ശേഷമുള്ള അൽ നാസറിെൻറ ഈ കിരീടധാരണം.
റിയാദിലെ അൽ അവ്വാൽ പാർക്കിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വിജയശില്പിയായത്. സാദിയോ മാനെ, കിങ്‌സ്‌ലി കോമാൻ എന്നിവർ അൽ നാസറിനായും, പെനാൽറ്റിയിലൂടെ മോർലായ് സില്ല ദാമകിനായും ഗോളുകൾ നേടി.
മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ ഒന്നിനെതിരെ പൂജ്യത്തിന് അൽ ഫയ്ഹയെ തോൽപ്പിച്ചെങ്കിലും, കേവലം രണ്ട് പോയിൻറ് വ്യത്യാസത്തിൽ കിരീടം നഷ്ടമായി. ഈ മത്സരത്തിൽ അൽ ഹിലാലിെൻറ റൂബൻ നെവസ് എടുത്ത പെനാൽറ്റി ഓർലാൻഡോ മോസ്ക്വേര തടുത്തിരുന്നു.
ലീഗിൽ നിലനിൽക്കാൻ സമനിലയെങ്കിലും വേണമെന്ന സമ്മർദ്ദത്തിൽ 5-4-1 എന്ന പ്രതിരോധ ശൈലിയിലാണ് ദാമക് ഇറങ്ങിയത്. ആദ്യ മിനിറ്റുകളിൽ അൽ നാസറിന് മുന്നേറ്റങ്ങൾ നടത്താനായില്ലെങ്കിലും, ജാവോ ഫെലിക്സിെൻറ അസിസ്റ്റിൽ സാദിയോ മാനെ ടീമിനെ മുന്നിലെത്തിച്ചു. തുടർന്ന് 52-ാം മിനിറ്റിൽ കിങ്‌സ്‌ലി കോമാൻ ലീഡ് രണ്ടാക്കി. 58-ാം മിനിറ്റിൽ സിമാകാെൻറ ഹാൻഡ്ബാളിന് ലഭിച്ച പെനാൽറ്റിയിലൂടെ ദാമക് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അൽ -നാസർ ഗോൾകീപ്പർ ബെൻറോയുടെ സേവുകൾ അവർക്ക് തിരിച്ചടിയായി.
തുടർന്നാണ് റൊണാൾഡോയുടെ തകർപ്പൻ പ്രകടനം കണ്ടത്. 63-ാം മിനിറ്റിൽ മനോഹരമായ ഫ്രീ-കിക്കിലൂടെയും, 81-ാം മിനിറ്റിൽ സിക്സ് യാർഡ് ബോക്സിന് അരികിൽ നിന്നുള്ള പാസിലൂടെയും റൊണാൾഡോ ഇരട്ട ഗോൾ തികച്ചു. ഗോളാഘോഷത്തിന് ശേഷം വികാരാധീനനായ റൊണാൾഡോ 87-ാം മിനിറ്റിൽ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോൾ സ്റ്റേഡിയം എഴുന്നേറ്റു നിന്ന് കൈയടിച്ചു.
യൂറോപ്യൻ ഫുട്ബാളിലെ നിരവധി നേട്ടങ്ങൾക്ക് ശേഷം, 41-കാരനായ റൊണാൾഡോയുടെ അൽ നാസർ കരിയറിലെ ആദ്യ സൗദി പ്രോ ലീഗ് കിരീടമാണിത്. 2020-ൽ യുവൻറസിനൊപ്പം സീരി എ നേടിയ ശേഷമുള്ള താരത്തിെൻറ ആദ്യ പ്രധാന ക്ലബ് ട്രോഫിയുമാണിത്. സൗദി ലീഗിനെ ലോകത്തിലെ മികച്ച അഞ്ച് ലീഗുകളിൽ ഒന്നാക്കുക എന്ന ലക്ഷ്യത്തോടെ, 2023-ൽ 232 മില്യൺ ഡോളറിന് അൽ നാസറിലെത്തിയ റൊണാൾഡോയുടെ കരാർ 2025 ജൂണിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
റൊണാൾഡോയ്ക്ക് പിന്നാലെ നെയ്മർ, ബെൻസെമ തുടങ്ങിയ സൂപ്പർ താരങ്ങളും ഈ ലീഗിലെത്തി. പോർച്ചുഗലിനൊപ്പം തെൻറ ആറാമത്തെ ലോകകപ്പിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് റൊണാൾഡോയുടെ ഈ നേട്ടം. ഈ വിജയത്തോടെ അൽ നാസറിെൻറ പോർച്ചുഗീസ് പരിശീലകൻ ജോർജ്ജ് ജീസസും അപൂർവ്വ റെക്കോർഡിട്ടു. 2011-ൽ ഗബ്രിയേൽ കാൽഡെറോണിന് ശേഷം രണ്ട് വ്യത്യസ്ത ക്ലബുകൾക്കൊപ്പം (2024-ൽ അൽ ഹിലാൽ, ഇപ്പോൾ അൽ നാസർ) സൗദി പ്രോ ലീഗ് കിരീടം നേടുന്ന ആദ്യ കോച്ചായി അദ്ദേഹം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.