ദമ്മാം അൽ ഖൊസാമ സ്കൂൾ കിൻഡർഗാർട്ടൻ ഗ്രാജ്വേഷൻ ആഘോഷപരിപാടിയിൽനിന്ന്
ദമ്മാം: അൽ ഖൊസാമ ഇന്റർനാഷനൽ സ്കൂളിന്റെ കിൻഡർഗാർട്ടൻ വിഭാഗം സംഘടിപ്പിച്ച മൾട്ടികൾചറൽ ആഘോഷവും ഗ്രാജ്വേഷൻ ദിനവും അരങ്ങേറി. 600ലധികം രക്ഷിതാക്കളും അതിഥികളും ഈ ആഘോഷത്തിന്റെ സാക്ഷികളായി.
അൽ മുന ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കാസിം ഷാജഹാൻ, അവധ് ഇസ്സാ അൽ ഹൈകൻ, ഫഹദ് അസ്മാരി, റാസി ശൈഖ് പരീത്, പ്രിൻസിപ്പൽ സൂസൻ ലിജു ഐപ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സാംസ്കാരിക ഐക്യത്തിന്റെ മഹത്വം വാഴ്ത്തി വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വൈവിധ്യമാർന്ന ലോക സംസ്കാരങ്ങളുടെ പ്രതിഫലനമായ മനോഹരമായ ദൃശ്യാവിഷ്കാരങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു. യു.കെ.ജി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത നൃത്തപ്രകടനം ശ്രദ്ധേയമായി.
രക്ഷിതാക്കൾ അവരുടെ കുഞ്ഞുങ്ങളോടൊപ്പം ഹിന്ദി ഗാനങ്ങളുടെ താളത്തിൽ നൃത്തം ചെയ്തത് ആഘോഷത്തിന് ഹരംപകർന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുട്ടികൾ അവതരിപ്പിച്ച പരിപാടിയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ‘പ്ലാസ്റ്റിക് ഒഴിവാക്കാം, ഭൂമിയെ രക്ഷിക്കാം’ എന്ന സന്ദേശം കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സൂസൻ ലിജു ഐപ് 2024-25 വർഷത്തെ കെ.ജി ആക്ടിവിറ്റികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
2023-24 അധ്യയന വർഷത്തിൽ 10ാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഫലകം നൽകി ആദരിച്ചു. യു.കെ.ജി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെയും കെ.ജി വിഭാഗം അധ്യാപകരെയും മുഖ്യാതിഥി, ഗ്രൂപ് മാനേജർമാർ, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് ആദരിച്ചു. കെ.ജി കോഓഡിനേറ്റർ അശ്വതി സ്വാഗതവും വൈസ് പ്രിൻസിപ്പൽ സജിത എം. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.