മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; എയര്‍ ഇന്ത്യ എക്‌സ്പ്രസിന് റിയാദില്‍ അടിയന്തര ലാൻഡിങ്

റിയാദ്: മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോടുനിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി. പ്രാഥമിക ചികിത്സക്കുശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് ദീറാബ് ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരുകയാണ്.

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് വരുകയായിരുന്ന മലപ്പുറം സ്വദേശിനിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭര്‍ത്താവും മകളും മരുമകനും കൂടെയുണ്ടായിരുന്നു. യാത്ര തുടങ്ങി ഏതാനും സമയം കഴിഞ്ഞയുടൻ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത പ്രകടമായി. ഇതേതുടര്‍ന്ന് വിമാനത്തില്‍ പ്രാഥമിക ചികിത്സ ലഭിച്ചു. അതിനിടെ വിമാനം അടിയന്തര ലാൻഡിങ്ങിനും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റിയാദ് എയര്‍ഇന്ത്യ മാനേജര്‍ വിക്രമിന്റെ ഇടപെടലിലാണ് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്.

വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം പരിശോധിച്ചശേഷം ഉടന്‍ എയര്‍ ഇന്ത്യ അധികൃതര്‍ റിയാദിലെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്‍ഷുറന്‍സില്ലെന്ന പേരില്‍ തിരിച്ചയച്ചതായി രോഗിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. പിന്നീട് ദീറാബിലെ ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ അഡ്മിറ്റ് ചെയ്തു. ഉംറക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിച്ചാണ് ചികിത്സ നടന്നത്. സുഖം പ്രാപിച്ച ഇവരെ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു. മകളാണ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നത്. ഭര്‍ത്താവും മരുമകനും ആ വിമാനത്തില്‍ ജിദ്ദയിലേക്ക് പോയിരുന്നു.

എയര്‍ ഇന്ത്യ മാനേജര്‍ക്ക് പുറമെ ഉദ്യോഗസ്ഥനായ രാജു, റിയാദ് കെ.എം.സി.സി വെൽഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, യൂനുസ് പത്തൂര്‍ എന്നിവരാണ് രോഗിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തത്.

Tags:    
News Summary - Air India Express makes an emergency landing in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.