കേരളത്തിലേക്കുൾപ്പടെ ശനിയാഴ്ച മുതൽ സൗദിയിൽ നിന്ന്​ വിമാന സർവിസ്​

റിയാദ്: കോവിഡിനെ തുടർന്ന്​ റെഗുലർ വിമാന സർവിസ്​ നിർത്തിവെച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ബദൽ സംവിധാനമായ ഇന്ത്യാ-സൗദി എയർബബ്​ൾ കരാർ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാവും. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ആരംഭിക്കുമെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്​നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്​. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. കോവിഡിനെ തുടർന്ന്​ ഇരു രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസവിസ് നിർത്തിവെച്ചിരിക്കുകയാണ്​.

ഇന്ത്യ ജനുവരി 31 വരെ അന്താരാഷ്​ട്ര സർവിസ്​ നിരോധനം നീട്ടിയിരിക്കുകയുമാണ്​. സൗദിയും ഇന്ത്യാ സെക്ടറിൽ റെഗുലർ വിമാന സർവിസ്​ അനുവദിച്ച്​ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ്​ ഇരു രാജ്യങ്ങളുടെയും ദേശീയ വിമാന കമ്പനികളെ ഉപയോഗിച്ച്​ പരസ്പര ധാരണയിൽ സർവിസ്​ നടത്താനുള്ള എയർ ബബ്​ൾ കരാർ ഉണ്ടാക്കിയത്​.

ഇതുവരെ വന്ദേഭാരത് വിമാനങ്ങളും ചാർട്ടേഡ്​ വിമാനങ്ങളും മാത്രമാണ്​ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവിസ്​ നടത്തുന്നത്​. അതാകട്ടെ യാത്രാചെലവ്​ ഭാരിച്ചതാക്കുന്നതുമാണ്​. എയർ ബബ്​ൾ പ്രകാരമുള്ള സർവിസിൽ ടിക്കറ്റ്​ നിരക്ക്​ കുറയും എന്ന പ്രതീക്ഷയിലാണ്​ യാത്രക്കാരായ പ്രവാസികളും.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സൗദിയിൽ നിന്ന്​ വിമാന സർവിസ്​ ആരംഭിക്കുമെന്ന്​ കഴിഞ്ഞ ദിവസം ഖമീസ്​ മുശൈത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ പറഞ്ഞിരുന്നു. അതിന്​ ശേഷം വിവിധ വിഷയങ്ങൾ സംബന്ധിച്ച്​ വിശദീകരിക്കാൻ വ്യാഴാഴ്ച റിയാദിൽ ഇന്ത്യൻ എംബസി ആസ്ഥാനത്ത്​ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ്​ ജനുവരി ഒന്ന്​ മുതൽ എയർ ബബ്​ൾ കരാർ നിലവിൽ വരുമെന്നും വിമാന സർവിസ്​ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചത്​.

സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്‍റീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അംബാസഡർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.