റിയാദ്: കിങ് സഊദ് യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ, യൂനിവേഴ്സിറ്റിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫിസുമായി സഹകരിച്ച് ഒന്നാം വർഷ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠന വിഷയമാക്കുന്നു. സൗദി വിഷൻ 2030ന് അനുസൃതമായി ആരോഗ്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുമായി യോജിപ്പിച്ചുകൊണ്ടാണ് സിലബസ് നടപ്പാക്കുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ നൂതന വിദ്യാഭ്യാസ രീതികൾ വികസിപ്പിക്കുന്നതിനും ആഗോള ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായി ബന്ധിപ്പിച്ച് പഠനനിലവാരം വർധിപ്പിക്കാനുമാണ് യൂനിവേഴ്സിറ്റി ഈ നീക്കം നടത്തുന്നത്. അക്കാദമിക് വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവും ധാർമിക അവബോധവുമുള്ള ആരോഗ്യ പ്രവർത്തകരെ വാർത്തെടുക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടം മുതൽ തന്നെ ‘കൃത്രിമബുദ്ധി’ സാക്ഷരത കൈവരിക്കാൻ വിദ്യാർഥിക്ക് ഇതിലൂടെ കഴിയും. എ.ഐ ടൂളുകൾ ഉപയോഗിക്കാനും ചിന്തകൾ വികസിപ്പിക്കാനും ആരോഗ്യസേവന രംഗത്തെ പുതിയ മാറ്റങ്ങൾ ഉൾകൊള്ളാനും വിദ്യാർഥികളെ ഇത് പ്രോത്സാഹിപ്പിക്കും. . ഉയർന്ന അക്കാദമിക് മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഹെൽത്ത് എ.ഐ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ പ്രത്യേക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
ഈ അധ്യയന വർഷം ആരംഭിച്ച പരിഷ്കരിച്ച കോഴ്സ് പുതിയ പഠനരീതികളെ പരീക്ഷിക്കുന്നതിനൊപ്പം ധാർമികമൂല്യങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന രീതിലാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.