ജിദ്ദ: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദുചെയ്ത നീറ്റ് പരീക്ഷ വീണ്ടും നടത്തപ്പെടുമ്പോൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പൂർണ്ണ പരിഹാരം കണ്ടെത്തണമെന്ന് ജിദ്ദ കേരള പൗരാവലി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജൂൺ 21 ന് നീറ്റ് പുനപരീക്ഷ നടത്തപ്പെടും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷ റദ്ദുചെയ്തതിലൂടെ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദത്തിൽ ആയിരിക്കുന്നത് പ്രവാസി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്. വിദേശ രാജ്യങ്ങളിലെ സെന്ററുകളിൽ പരീക്ഷ എഴുതിയ ശേഷം നാട്ടിലേക്ക് വിസ കാൻസൽ ചെയ്തും അല്ലാതെയും മടങ്ങിയ വിദ്യാർത്ഥികളുണ്ട്. ഇവർക്ക് എവിടെയാണ് സെന്റർ അനുവദിക്കുക എന്നതിൽ വ്യക്തത വരുത്തണം. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഒന്നിലധികം സെന്ററുകൾ അനുവദിക്കണമെന്ന് ജിദ്ദ കേരള പൗരാവലി 2024ൽ ബന്ധപ്പെട്ട വ്യക്തികളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
നിലവിൽ സൗദി അറേബ്യയിൽ റിയാദിൽ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. 10 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾ വസിക്കുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് 1,000 കിലോമീറ്ററോളം ദൂരം താണ്ടിയാൽ മാത്രമേ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ സെന്ററിൽ എത്താൻ സാധിക്കൂ. ഇത് കടുത്ത സാമ്പത്തിക നഷ്ടവും മാനസിക സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. നീറ്റ്, ജീ, സി.യു.ഇ.ടി തുടങ്ങിയ നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തപ്പെടുന്ന ടെസ്റ്റ് പരീക്ഷകൾക്ക് ജിദ്ദ കോൺസുലേറ്റിന് കീഴിൽ ഒരു സ്ഥിരം സെന്റർ അനുവദിക്കുന്നത് ഇത്തരം പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമാണ്.
നിലവിൽ വിദേശ രാജ്യങ്ങളിൽ ടെസ്റ്റ് എഴുതി നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് അവർ താമസിക്കുന്ന പ്രാദേശങ്ങളിലെ സെന്ററുകളിൽ പ്രവേശനം നൽകണം. വിദേശങ്ങളിൽ വീണ്ടും പരീക്ഷ എഴുതാനായി കാത്തിരിക്കുന്നവർക്ക് കൂടുതൽ സെന്ററുകൾ അനുവദിക്കണം. നിലവിലെ ആശങ്കകൾ അകറ്റുന്നതിന് എൻ.ടി.എയോട് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നേരിട്ട് സംവദിക്കുവാനുള്ള വഴികൾ ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്നും ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.