വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങവേ മാപ്പ്: യുവാവിന്​ ജീവൻ തിരിച്ചുകിട്ടി

തബൂക്ക്​: ആരാച്ചാരെത്തി വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങവേ കൊല്ലപ്പെട്ടയാളുടെ പിതാവ്​ മാപ്പ്​ നൽകി, യുവാവിന്​ ജീവൻ തിരിച്ചുകിട്ടി. ശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവി​െൻറ പിതാവ് നിരുപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കില്‍ വധശിക്ഷ നടപ്പാക്കുന്ന മൈതാനത്ത്​ തിങ്കളാഴ്​ച രാവിലെയാണ് സംഭവം.

കൊല്ലപ്പെട്ട യുവാവി​െൻറ പിതാവ് അബ്​ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ സൗദി യുവാവ് അബ്​ദുറഹ്​മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്. കൊലക്കേസില്‍ അറസ്​റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ രാജാവ്​ അനുമതി നല്‍കുകയും ചെയ്തിരുന്നു.

പ്രതിക്ക് മാപ്പ് നല്‍കുന്നതിനുപകരം ഭീമമായ തുക ദിയാധനമായി കൈമാറാമെന്ന നിരവധി ഓഫറുകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം നിരാകരിച്ച അബ്​ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

തിങ്കളാഴ്​ച രാവിലെ പ്രതിയെ കനത്ത സുരക്ഷാ ബന്തവസ്സില്‍ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കൊല്ലപ്പെട്ട യുവാവി​െൻറ ബന്ധുക്കള്‍ അടക്കം വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു. ശിക്ഷ നടപ്പാക്കാനുള്ള അന്തിമ തയ്യാറെടുപ്പ്​ സുരക്ഷാവകുപ്പ്​ പൂർത്തിയാക്കുകയും ചെയ്തു. ആരാച്ചാരെത്തി വധശിക്ഷ നടപ്പാക്കാനൊരുങ്ങവേയാണ്​ പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി അബ്​ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്. ഇത് കേട്ട് ജനക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ഓടിയണയുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - A young man escaped from a hanging rope in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.