കാർഷിക മേഖലയിൽ ഖസീമിന് പുത്തൻ ഉണർവ്; പ്രതിവർഷം 30,000 ടണ്ണിലധികം മുന്തിരി ഉൽപ്പാദനവുമായി പ്രവിശ്യ

ബുറൈദ: വൈവിധ്യമാർന്ന കാർഷിക ഉൽപ്പാദനത്തിലൂടെ സൗദി അറേബ്യയിലെ ഏറ്റവും പ്രമുഖ കാർഷിക മേഖലകളിലൊന്നായ ഖസീം പ്രവിശ്യ മുന്തിരി കൃഷിയിലും വൻ മുന്നേറ്റം കുറിക്കുന്നു. മികച്ച ഗുണനിലവാരമുള്ള പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് അനുയോജ്യമായ പ്രകൃതിദത്ത കാലാവസ്ഥയാണ് പ്രവിശ്യയിലെ വിവിധ ഗവർണറേറ്റുകളിലേക്ക് മുന്തിരി കൃഷി വേഗത്തിൽ വ്യാപിക്കാൻ കാരണമായത്. നിലവിൽ അയൂൻ അൽജുവ, മിദ്നബ്, അൽബദായ എന്നീ പ്രദേശങ്ങളിലാണ് ഖസീമിൽ ഏറ്റവും കൂടുതൽ മുന്തിരി കൃഷി ചെയ്യുന്നത്.

ബ്ലാക്ക് റോസ്, ത്വാഇഫി, ഹൽവാനി, ബ്ലാക്ക് മാജിക് എന്നിവക്ക് പുറമെ വിപണിയിൽ പ്രിയമേറിയ വിവിധയിനം ചുവപ്പ്, പച്ച മുന്തിരികളും ഇവിടെ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഖസീം പ്രവിശ്യയിലെ വാർഷിക മുന്തിരി ഉൽപ്പാദനം നിലവിൽ 30,875 ടണ്ണിലെത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ പ്രാദേശിക ശാഖാ ഡയറക്ടർ ജനറൽ എഞ്ചിനീയർ സൽമാൻ ബിൻ ജാറുല്ലാഹ് അൽസുവൈന വ്യക്തമാക്കി.

 

ഏകദേശം 60 ഫാമുകളിലായി 1,021 ഹെക്ടറിലധികം വരുന്ന ഭൂമിയിലാണ് ഇവിടെ കൃഷി വ്യാപിച്ചുകിടക്കുന്നത്. ഇതിലായി ഫലം തരുന്ന 1,286,460-ലധികം മുന്തിരിച്ചെടികളുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുന്തിരി കൃഷിയുടെ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം സജീവമായി രംഗത്തുണ്ട്.

 

ജ്യൂസുകൾ, മുന്തിരി സോസുകൾ, ഉണക്കമുന്തിരി, പ്രകൃതിദത്ത വിനാഗിരി എന്നിവയുടെ നിർമ്മാണം ഇതിൽ ഉൾപ്പെടുന്നു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രാദേശിക വിളകളുടെ മൂല്യവർധനവ് ഉറപ്പാക്കാനും, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണിയിലെ മത്സരശേഷി വർധിപ്പിക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്നും അൽസുവൈന കൂട്ടിച്ചേർത്തു.

 

മുപ്പത്തിയഞ്ചിലധികം വർഷത്തെ നീണ്ട പ്രവൃത്തിപരിചയം അനുയോജ്യമായ മുന്തിരി ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനും ആധുനിക കൃഷിരീതികൾ വിജയകരമായി നടപ്പിലാക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് പ്രാദേശിക കർഷകനായ അബ്​ദുറഹ്മാൻ ഈദ് അൽഔഫി സാക്ഷ്യപ്പെടുത്തുന്നു. ആധുനിക രീതികൾ ഉൽപ്പാദനത്തിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

 

നേരത്തെ വിളവെടുക്കാവുന്ന ഇനങ്ങളുടെ വിളവെടുപ്പ് കാലം ജൂൺ പകുതിയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് മുന്തിരിയുടെ വിപണനം ഏകദേശം നാല് മാസത്തോളം നീണ്ടുനിൽക്കും. പഴങ്ങളുടെ ഗുണമേന്മ ഒട്ടും ചോർന്നുപോകാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൈകൾ കൊണ്ട് നേരിട്ടാണ് വിളവെടുപ്പ് നടത്തുന്നത്. ഖസീമിലെ ഒരു തന്ത്രപ്രധാന വിള എന്ന നിലയിലുള്ള സ്ഥാനം മുന്തിരി കൂടുതൽ ഉറപ്പിച്ചു കഴിഞ്ഞതായും, ഇത് കാർഷിക വൈവിധ്യവൽക്കരണത്തെയും ഭക്ഷ്യ വ്യവസായങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അൽഔഫി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Agricultural boom in Qassim: Province records annual grape production of over 30,000 tonnes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.