ജിദ്ദ: ഹജ്ജിന്റെ അഞ്ച് ദിവസങ്ങളിൽ അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി 60 സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്ന് ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുൽ ഫത്താഹ് മുഷാത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ജിദ്ദയിൽ ‘വേൾഡ് ക്വാളിറ്റി ഡേ’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടര ലക്ഷത്തിലധികം തൊഴിലാളികളെയും ജീവനക്കാരെയും ഇതിനായി നിയോഗിക്കും. കഴിഞ്ഞ വർഷത്തെ ഹജ്ജിൽ തീർഥാടകരുടെ സംതൃപ്തി 91 ശതമാനമായി ഉയർന്നുവെന്നാണ് വിലയിരുത്തൽ. വലിയ നേട്ടങ്ങളാണ് ആ ഹജ്ജ് സീസണിൽ കൈവരിക്കാനായത്. അത് പ്രശംസനീയാർഹമാണ്. തീർഥാടകരെ സേവിക്കുന്നതിനായി നടത്തുന്ന വലിയ പരിശ്രമത്തിന്റെ പ്രതിഫലനമാണിത്.
ഹജ്ജിന്റെ ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതകൾ, ജോലിയുടെ സ്വഭാവം, നടപടിക്രമങ്ങൾ, പ്രവർത്തനങ്ങൾ, പദ്ധതികൾ എന്നിവയുണ്ട്. ചരിത്രത്തിലുടനീളം ഏറ്റവും സങ്കീർണമായ സംവിധാനങ്ങളിലൊന്നാണ് ഹജ്ജ് സംഘാടനം. വരുംവർഷങ്ങളിൽ തീർഥാടക സംതൃപ്തി കൂടുതൽ ഉയർന്ന തലങ്ങളിൽ എത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.