യാംബു: വ്യവസായിക മേഖലയിൽ യാംബു റോയൽ കമീഷൻ അതോറിറ്റി കൈവരിച്ച വികസന നേട്ടങ്ങളെ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് പ്രശംസിച്ചു. ജുബൈൽ, യാംബു എന്നീ വ്യാവസായിക നഗരങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ അതോറിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നതായും ഗവർണർ കൂട്ടിച്ചേർത്തു.
ഗവർണറേറ്റ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഗവർണർ അതോറിറ്റിയുടെ നേട്ടങ്ങളെ അഭിനന്ദിച്ചത്. റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു ചെയർമാൻ എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിം, യാംബു റോയൽ കമീഷൻ സി.ഇ.ഒ എൻജി. അബ്ദുൽ ഹാദി ബിൻ അബ്ദുൽറഹ്മാൻ അൽ ജുഹാനി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.
യാംബു ഇൻഡസ്ട്രിയൽ സിറ്റിയിലെ നിലവിലെ പ്രവർത്തനങ്ങളും വരാനിരിക്കുന്ന പ്രധാന വികസന പദ്ധതികളും യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. വ്യാവസായിക-ലോജിസ്റ്റിക് മേഖലകളിലെ അടിസ്ഥാന സൗകര്യ വിപുലീകരണം, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കൽ, നിക്ഷേപകർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയിൽ കൈവരിച്ച പുരോഗതി അധികൃതർ ഗവർണറെ ധരിപ്പിച്ചു. അതോറിറ്റിയുടെ പ്രവർത്തന പ്രകടനവും പ്രധാന വികസന സൂചകങ്ങളും യോഗം വിലയിരുത്തി.
കമീഷൻ നഗരങ്ങളിലെ വിവിധ പദ്ധതികൾക്ക് മദീന ഗവർണർ നൽകുന്ന പിന്തുണക്ക് ചെയർമാൻ എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിം നന്ദി രേഖപ്പെടുത്തി. രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും കമീഷെൻറ വികസന ലക്ഷ്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.