റിയാദ്: ജനാദിരിയ ഉത്സവ നഗരിയിലെ ഇന്ത്യാ പവിലിയൻ മൂന്നാം ദിനത്തിലും സ്വദേശികളടക്കമുള്ള സന്ദർശകരുടെ ആകർഷണ കേന്ദ്രമായി. പൈതൃക ഇന്ത്യ, ആധുനിക ഇന്ത്യ എന്നീ രണ്ട് സെഷന് പുറമെ വിവിധ വാണിജ്യസ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉൾപ്പെട്ട പ്രദർശന നഗരിയിൽ ആദ്യ ദിവസം കേരളത്തിെൻറ മൂലയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും അമിതമായ ജനത്തിരക്ക് മൂലം സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിൽ നിയന്ത്രണമുണ്ടായത് വെള്ളിയാഴ്ചത്തെ ശോഭക്ക് മങ്ങലേൽപിച്ചു. ഉദ്ഘാടന ദിവസമായ ബുധൻ മുതൽ വെള്ളി വരെ മൂന്നുദിവസമായിരുന്നു കേരളത്തിന് അനുവദിച്ചിരുന്നത്. ചുണ്ടൻ വള്ളവും വെള്ളച്ചാട്ടവും പർവതനിരയും വിവിധ ഇന്ത്യൻ, കേരള നേതാക്കളുടെയും സൗദി ഭരണാധികാരികളുടെയും ഇന്ത്യൻ അംബാസഡറുടെയും പ്രവാസി ചിത്രകാരന്മാർ വരച്ച ഛായാചിത്രങ്ങളും എല്ലാമൊരുക്കി മനോഹരമാക്കിയ കേരള സ്റ്റാളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കും വേദിയൊരുക്കിയിരുന്നു. വള്ളംകളിയും പുലികളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും എല്ലാമായി വർണാഭമായ കാഴ്ചാനുഭവമായതോടെ വ്യാഴാഴ്ച പ്രദർശന നഗരി കാണാനെത്തിയ മുഴുവനാളുകളും കേരള സ്റ്റാളിന് മുന്നിൽ തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതായത് അധികൃതരുടെ ഇടപെടലിനിടയാക്കുകയും കലാപരിപാടികൾക്ക് നിയന്ത്രണമുണ്ടാവുകയും ചെയ്തു. ഇതുമൂലം മൂകമായ ഒരു അന്തരീക്ഷത്തിൽ കേരളത്തിെൻറ അവസാന ദിവസം കടന്നുപോയി. ഇനി മറ്റ് സംസ്ഥാനങ്ങൾക്കാണ് അവസരം. ശനി, ഞായർ ദിവസങ്ങളിൽ ഉത്തർപ്രദേശിനാണ് അവസരം. വിവിധ സംസ്ഥാനങ്ങൾക്ക് തനത് സാംസ്കാരിക സവിശേഷതകൾ പ്രദർശിപ്പിക്കാനായി ദിവസങ്ങൾ വീതം വെക്കുകയായിരുന്നു. തിങ്കളാഴ്ച മധ്യപ്രദേശിെൻറ കാഴ്ചകളൊരുങ്ങും. ബിഹാർ (13, 14 തീയതികളിൽ), തമിഴ്നാട് (15, 16), ആന്ധ്രപ്രദേശ് (17, 18), പശ്ചിമ ബംഗാളും ഒഡീഷ (19), കർണാടക (20, 21), മഹാരാഷ്ട്ര (22), തെലങ്കാന (23, 24) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ദിവസങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ ഇന്ത്യാ പവിലിയന് മുൻവശത്തൊരുക്കിയ പ്രത്യേക വേദിയിൽ യോഗ പ്രദർശനവും ഇന്ത്യൻ പാരമ്പര്യ നൃത്തകലാരൂപങ്ങളുടെ അവതരണവും എല്ലാദിവസവുമുണ്ട്. വൈകീട്ട് 4.30 മുതൽ 5.30 വരെ യോഗയും ആറ് മുതൽ ഒമ്പത് വരെ കലാപരിപാടികളും ഒമ്പത് മുതൽ 11.30 വരെ ഇന്ത്യൻ സിനിമകളുടെ പ്രദർശനവും എന്ന നിലയിലാണ് സമയക്രമീകരണം. ആദ്യ രണ്ട് ദിവസം കഥകളി അരങ്ങേറി. ശനി, ഞായർ ദിവസങ്ങളിൽ മണിപ്പൂരി നൃത്തമാണ്. രാജസ്ഥാൻ നാടോടി നൃത്തം (12, 13 തീയതികളിൽ), കഥക് (14, 15), ബോളിവുഡ് സിനിമാറ്റിക് ഡാൻസ് (16, 17), പുരുലിയ ചാവു (18, 19), കളരിപ്പയറ്റ് (20, 21), പഞ്ചാബി, ഗുജറാത്തി നാടോടി നൃത്തങ്ങൾ (22 മുതൽ 24 വരെ) എന്നിവയാണ് മറ്റ് ദിവസങ്ങളിലെ സാംസ്കാരിക പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.